67കാരി ബ്ലാക്ക് ബെൽറ്റ് ആണെന്ന് കള്ളൻ അറിഞ്ഞില്ല; കിട്ടിയത് എട്ടിന്‍റെ പണി

കാലിഫോർണിയയിലെ ഫൊന്‍റാനയിൽ അപാർട്മെന്‍റ് കോംപ്ലക്സിൽ മോഷ്ടിക്കാൻ കയറുമ്പോൾ ഇങ്ങനെയൊരു പണി കിട്ടുമെന്ന് കള്ളൻ കരുതിയിരുന്നില്ല. 67കാരിയായ സ്ത്രീയെ നിഷ്പ്രയാസം പേടിപ്പിച്ച് വല്ലതും കൈക്കലാക്കി രക്ഷപ്പെടാമെന്നായിരുന്നു കള്ളൻ കരുതിയത്. എന്നാൽ, കിട്ടിയത് എട്ടിന്‍റെ പണിയാണ്.

ലോറൻസാ മരൂജോ എന്ന വയോധികയുടെ വീട്ടിലാണ് കള്ളൻ ആദ്യം കയറിയത്. 20 വർഷമായി കരാട്ടെ അഭ്യസിക്കുന്ന ലോറൻസ ബ്ലാക്ക് ബെൽറ്റ് നേടുകയും ചെയ്തിട്ടുണ്ട്. കള്ളനെ കൺമുന്നിൽ കണ്ടിട്ടും ലോറൻസക്ക് യാതൊരു ഭയവുമുണ്ടായിരുന്നില്ല. ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ് കൊടുത്തതോടെ കള്ളൻ തടികേടാക്കാതെ ലോറൻസയുടെ വീട്ടിൽ നിന്നിറങ്ങി.

എന്തെങ്കിലും മോഷ്ടിച്ചിട്ടാകാം മടക്കം എന്ന് കരുതിയ കള്ളൻ പിന്നാലെ ചെന്ന് കയറിയത് തൊട്ടടുത്തുള്ള ലോറൻസയുടെ സുഹൃത്തായ എലിസബത്ത് മക്രേയുടെ വീട്ടിൽ. മൽപ്പിടുത്തത്തിനൊടുവിൽ കള്ളൻ എലിസബത്തിനെ നിലത്ത് വീഴ്ത്തുകയും ചെയ്തു. അപ്പോഴാണ് ശബ്ദം കേട്ട് ലോറൻസ എത്തുന്നത്.



ഇയാളെന്നെ കൊല്ലാൻ പോവുകയാണ് എന്ന് നിലവിളിച്ച എലിസബത്തിനോട് ലോറൻസ പറഞ്ഞത് ഈ രാത്രി എന്തായാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നായിരുന്നു. കള്ളൻ കണ്ണടച്ചു തുറക്കും മുമ്പേ ലോറൻസയുടെ ആദ്യത്തെ അടി വീണിരുന്നു. പിന്നെയങ്ങോട്ട് അടിയുടെ പൊടിപൂരം തന്നെ. ഒടുവിൽ കള്ളനെ അടിച്ചു തറപറ്റിക്കുക തന്നെ ചെയ്തു ലോറൻസ.

ലോറൻസയുമായുള്ള അഭിമുഖം ചാനൽ സംപ്രേഷണം ചെയ്തതോടെ പ്രശസ്തയായിരിക്കുകയാണ് ഈ വയോധിക. 67 വയസും അഞ്ചടി ഉയരവും മാത്രമുള്ള ലോറൻസക്ക് തന്നെ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സുഹൃത്ത് എലിസബത്ത് പറയുന്നു. ഓൺലൈനിൽ ലോറൻസക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.