ഹമാസ് ആക്രമണത്തിന് പിന്നിൽ ഇറാനെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായി. ഇറാന്റെ പങ്ക് സംശയലേശമന്യേ തെളിയുകയാണെന്ന് യു.എസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇസ്രായേലി മാധ്യമങ്ങളും ഇതേ വാദമുയർത്തി. എന്നാൽ, ഇറാൻ ബന്ധത്തിന് തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് യു.എസിന്റെ ഔദ്യോഗിക നിലപാട്. ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ രംഗത്തെത്തി. തങ്ങൾ സ്വന്തം നിലക്കാണ് എല്ലാം ചെയ്തതെന്ന് ഹമാസും വ്യക്തമാക്കി.
ഹമാസിനൊപ്പം ഇറാനെ കൂടെ പ്രതിക്കൂട്ടിൽ കയറ്റി കൈകാര്യം ചെയ്യാൻ ഇസ്രായേലിൽ ആലോചന നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് റൂപർട്ട് മർഡോകിന്റെ ന്യൂസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള വാൾസ്ട്രീറ്റ് ജേണൽ വെടിപൊട്ടിച്ചത്. യു.എസിലെ മറ്റു മുഖ്യധാരാ മാധ്യമങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിക്കുകയാണെങ്കിലും ഇസ്രായേലി മാധ്യമങ്ങൾ ആവേശത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ശനിയാഴ്ചയിലെ ആക്രമണത്തിന്റെ ആസൂത്രണത്തിന് ഹമാസിനെ സഹായിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ലെബനാൻ തലസ്ഥാനമായ ബൈറൂതിൽ നടന്ന രഹസ്യയോഗത്തിൽ ഇറാൻ പച്ചക്കൊടി വീശിയതോടെ ഓപറേഷൻ ട്രാക്കിലായി. ഹമാസിന്റെയും ലെബനാനിലെ സായുധസംഘമായ ഹിസ്ബുല്ലയുടെയും ഉന്നത നേതൃത്വത്തെ ഉദ്ധരിച്ചാണ് ജേണലിന്റെ റിപ്പോട്ട്.
2020ൽ യു.എസ് വധിച്ച ഖാസിം സുലൈമാനി ദീർഘകാലം നയിച്ചിരുന്ന ഇറാന് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ആണ് ഹമാസിനെ സങ്കീർണമായ ഈ ദൗത്യത്തിന് പ്രാപ്തമാക്കിയത്. ഒരേസമയം കര, കടൽ, വ്യോമ ആക്രമണത്തിനുള്ള പദ്ധതികളുടെ ഒരുക്കത്തിനായി കഴിഞ്ഞ ആഗസ്റ്റ് മുതൽ ഐ.ആർ.ജി.സി ഉന്നതർ ഹമാസിനൊപ്പമുണ്ടായിരുന്നു. ബൈറൂതിൽ വെച്ച് ചേർന്ന നിരവധി യോഗങ്ങളിലൂടെയാണ് യഥാർഥ തന്ത്രം ഉരുത്തിരിഞ്ഞത് -ജേണൽ പറയുന്നു.
‘ഇപ്പോൾ തെളിവില്ല’
ഇറാനെതിരെ സംശയമുന നീട്ടുന്ന ഇസ്രായേലാകട്ടെ, പരോക്ഷമായെങ്കിലും അവരുടെ പങ്ക് ഉറപ്പാണെന്ന് സൂചിപ്പിക്കുന്നു. ‘ഇസ്രായേലിന് ചുറ്റുമുള്ള ഭീകരസൈന്യങ്ങളുടെ നേതാക്കൾ സിറിയയിലും ലെബനാനിലും കൂടിക്കാഴ്ച നടത്തിയകാര്യം തങ്ങൾക്കറിയാ’മെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ വ്യക്തമാക്കി. അവർ സഹകരിച്ച് പ്രവർത്തിച്ചുവെന്ന് അനായാസം മനസ്സിലാക്കാം. മേഖലയിലെ ഇറാന്റെ നിഴൽസംഘങ്ങൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷേ, ഇറാനെതിരെ അമേരിക്കയുടെ ഇടപെടൽ ആഗ്രഹിക്കുന്ന ഇസ്രായേലിന് ആവേശം പകരുന്ന പ്രതികരണമല്ല വാഷിങ്ടണിൽ നിന്നുണ്ടായിരിക്കുന്നത്. ഇറാന്റെ നിർദേശത്തോടെയോ അവരുടെ കാർമികത്വത്തിലൂടെയോ നടന്ന ആക്രമാണിതെന്നതിന് ഒരു തെളിവും തങ്ങളുടെ പക്കലില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദീർഘകാല ബന്ധം ഉണ്ടെന്നത് ഉറപ്പാണെങ്കിലും ഈ നടപടിക്ക് പിന്നിൽ ഇറാന്റെ സാന്നിധ്യത്തിന് തെളിവുകളൊന്നും ഇപ്പോഴില്ല. ‘ഇപ്പോഴില്ല’ എന്ന യു.എസിന്റെ വാക്കിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഇസ്രായേലിലെ യുദ്ധലോബി. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് വരുന്നതിന് മുമ്പുള്ള പ്രതികരണമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ കരങ്ങൾ ഇതിനുപിന്നിലുണ്ടെന്ന് തെളിഞ്ഞാൽ ദശകങ്ങളായി തുടരുന്ന നിഴൽയുദ്ധത്തിന് അവസാനമാകുകയും നേരിട്ടുള്ള സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്യും. മേഖലയാകെ അരക്ഷിതമാകുന്ന അവസ്ഥയിലേക്ക് അത് എത്തും. വടക്കൻ ഇസ്രായേലിൽ കണ്ണുംനട്ടിരിക്കുന്ന ലെബനാനിലെ ഹിസ്ബുല്ലയായിരിക്കും അത്തരമൊരു സാഹചര്യത്തിൽ ഇറാന്റെ തുറുപ്പുചീട്ട്. ഇതിനായി വർഷങ്ങളായി ഹിസ്ബുല്ലയെ ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഇറാൻ. ഗോലാൻ കുന്നിലെ ഇസ്രായേൽ സൈനിക പോസ്റ്റുകൾക്ക് നേരെ റോക്കറ്റാക്രമണം നടത്തി എന്തിനും സന്നദ്ധരാണെന്ന സൂചന ഞായറാഴ്ച ഹിസ്ബുല്ല നൽകിക്കഴിഞ്ഞു. ഇസ്രായേലികളുടെ കൂട്ടക്കൊലയിൽ ഇറാന്റെ പങ്ക് തെളിഞ്ഞാൽ അവരുടെ ഉന്നത നേതൃത്വത്തെ ലക്ഷ്യം വെക്കുമെന്ന് മുതിർന്ന ഇസ്രായേലി സൈനിക വൃത്തങ്ങൾ ആണയിടുന്നു. ഏതു വിവേകശൂന്യ നടപടിക്കും വിനാശകരമായ മറുപടി ലഭിക്കുമെന്ന് തങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർ ഓർക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി തിരിച്ചടിച്ചു.
ഹമാസ് ‘ഒതുങ്ങി’യപ്പോൾ തെളിഞ്ഞ് പി.ഐ.ജെ
യഥാർഥത്തിൽ ഇറാനിൽനിന്ന് സഹായം സ്വീകരിക്കാറുണ്ടെന്ന് ഹമാസ് നേരത്തെതന്നെ സമ്മതിച്ചിട്ടുള്ളതാണ്. സുന്നി സംഘടനയായ ഹമാസും ശീഈ ധാരയിലുള്ള ഇറാനും തമ്മിലുള്ള ബന്ധം ഒരുതരത്തിൽ കൗതുകകരമാണ്. ശനിയാഴ്ചയിലെ ആക്രമണത്തിന് ശേഷം ഹമാസിനെ ഔദ്യോഗികമായി പിന്തുണച്ച ഒരേയൊരു രാഷ്ട്രവും അവർതന്നെ. ഇതിന് പിന്നാലെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുമായും ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) നേതാവ് സിയാദ് അൽനഖ്ലയുമായും ഫോണിൽ സംസാരിച്ചിരുന്നു. ഹമാസിനേക്കാൾ ഇറാനിൽനിന്ന് നേരിട്ടുള്ള ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന സംഘമാണ് ഇസ്ലാമിക് ജിഹാദ്.
മൊസാദ് കൊലപ്പെടുത്തിയ ഫാത്തി ശഖാഖിയും എഫ്.ബി.ഐയുടെ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ പട്ടികയിലുള്ള അബ്ദുൽ അസീസ് ഔദയും കൂടി ’81ൽ സ്ഥാപിച്ച ഇസ്ലാമിക് ജിഹാദ് ഹമാസിനേക്കാൾ പഴക്കമുള്ള സംഘടനയാണ്. 2021ലെ ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായ ഹമാസ് പിന്നീടുള്ള മാസങ്ങളിൽ തന്ത്രപരമായി പിൻവലിഞ്ഞപ്പോൾ മിസൈലാക്രമണങ്ങളുടെ നേതൃത്വം സ്വമേധയാ ഏറ്റെടുത്ത് പി.ഐ.ജെ മുന്നിൽ വന്നു. 2021ലെ ആക്രമണത്തിന് ശേഷം വലിയ പുനർനിർമാണ ഫണ്ട് ലഭിച്ച ഹമാസ് അത്തരം പ്രവർത്തനങ്ങളിൽ മാത്രം കൂടുതൽ ഊന്നി, ഭരണം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്നും സൈനിക രംഗത്ത് തണുപ്പൻ സമീപനത്തിലാണെന്നും ചില മാധ്യമങ്ങൾ നിരീക്ഷിച്ചിരുന്നു. അങ്ങനെതന്നെ ഇസ്രായേലും വിശ്വസിച്ചുവെന്നാണ് ഇപ്പോൾ തെളിയുന്നത്. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് തിരിച്ചറിയാൻ ഇസ്രായേലിന്റെ ചാരശൃംഖലകൾക്ക് കഴിഞ്ഞില്ല.
പക്ഷേ, ശനിയാഴ്ചയിലെ ആക്രമണത്തിൽ വിദേശസഹായം ഹമാസ് നിഷേധിക്കുന്നു. ഇതൊരു ഫലസ്തീനി, ഹമാസ് തീരുമാനം മാത്രമായിരുന്നുവെന്ന് മുതിർന്ന ഹമാസ് നേതാവ് മഹ്മൂദ് മിർദാവി പറയുന്നു. ഹമാസിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കുന്ന യു.എന്നിലെ ഇറാൻ മിഷനാകട്ടെ, ഇപ്പോഴത്തേത് ഫലസ്തീന്റെ മാത്രം തീരുമാനമെന്ന് ഉറപ്പിക്കുന്നു. അവരുടെ തീരുമാനം സ്വതന്ത്രവും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണ്. അതിലൊന്നും ഞങ്ങൾ ഇടപെടാറില്ല -വക്താവ് തുടർന്നു.
ഒ.ഐ.സി യോഗത്തിനായി ഇറാൻ
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) അടിയന്തര യോഗം വിളിക്കാൻ ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.