തെഹ്റാൻ: രാസവസ്തുക്കളുമായി വരികയായിരുന്ന കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നിൽ ഇറാനാണെന്ന യു.എസിന്‍റെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്ന് ലോഞ്ച് ചെയ്ത ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച പെന്‍റഗൺ ആരോപിച്ചിരുന്നു.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ യമനിലെ ഹൂതി വിമതർക്ക് സഹായം നൽകുന്നത് ഇറാനാണെന്ന് നേരത്തെ തന്നെ യു.എസ് ആരോപിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതും ഇറാൻ തള്ളിയിരുന്നു. ഹൂതികൾ സ്വന്തം നിലക്കാണ് ഇടപെടുന്നതെന്നും അതിൽ ഇറാന് പങ്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെ അറബിക്കടലിൽ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ശനിയാഴ്ച എം.വി. കെം പ്ലൂട്ടോ എന്ന കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. 20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവർ സുരക്ഷിതരാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ കഴിഞ്ഞമാസം ഇസ്രായേലി ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിനുപിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള ‘യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ്’ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.