തെഹ്റാൻ: ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ ദുഃഖാചരണ ചടങ്ങിലും തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പിച്ചുപറഞ്ഞ് ഇറാൻ. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ ജനങ്ങൾ ‘പ്രതികാരം ചെയ്യൂ’ എന്ന് ആർത്തുവിളിക്കുന്ന ദൃശ്യം ദേശീയ ടെലിവിഷൻ കാണിച്ചു.
വിലാപയാത്രയിൽ ജനങ്ങൾ ‘അമേരിക്കക്കും ഇസ്രായേലിനും മരണം’ എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. കെർമാനിൽ ഒത്തുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പുനൽകി.
‘‘ഇറാന്റെ കരുത്ത് എന്താണെന്ന് ശത്രു അറിയും. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യം തീരുമാനിക്കും’’ -ഇറാൻ പ്രസിഡന്റ് പറഞ്ഞു. അതിനിടെ, ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി അഹ്മദ് വാഹിദി ദേശീയ ടെലിവിഷനോട് പറഞ്ഞു.
അഞ്ചു നഗരങ്ങളിൽനിന്നാണ് സ്ഫോടനത്തിന് സഹായം നൽകിയവരെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഉപ ആഭ്യന്തര മന്ത്രി മാജിദ് മിർ അഹ്മദി പറഞ്ഞു. സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. 89 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയുമാണ് ചെയ്തതെന്ന് ഇപ്പോൾ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.