ഹോർമുസ് കടലിടുക്കിലെ കപ്പലിൽ ഹെലികോപ്റ്റർ റെയ്ഡ് നടന്നതിന്‍റെ അസോസിയേറ്റഡ് പ്രസ് വീഡിയോയിൽ നിന്ന് (AP Photo)

ഇസ്രായേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കി ഹുർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ സൈന്യം. യു.എ.ഇയിലെ ഫുജൈറയിൽനിന്ന് 50 നോട്ടിക്കൽ മൈൽ (92 കിലോമീറ്റർ) അകലെ ശനിയാഴ്ച രാവിലെയാണ് എം.എസ്.സി ഏരീസ് എന്ന കപ്പൽ ഇറാൻ റവലൂഷനറി ഗാർഡ്സിലെ നാവിക സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കിയത്.

റഷ്യൻ നിർമിത എം.ഐ-17 ഹെലികോപ്ടറിൽ കപ്പലിലിറങ്ങിയ സംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നാളുകൾക്കിടെയുള്ള പുതിയ നീക്കം മേഖലയെ കൂടുതൽ ആശങ്കയിലാക്കി.

പോർചുഗൽ പതാക വഹിച്ച കപ്പൽ 25 ജീവനക്കാരുമായി ഇറാൻ ജലാതിർത്തിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാരിൽ രണ്ടു മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്.

പാലക്കാട് ജില്ലയിലെ കേരളശ്ശേരി ദേവസ്വംതൊടി വടശ്ശേരി ശിവരാമന്റെ മകൻ സുമേഷാണ് കപ്പലിലുള്ള ഒരു മലയാളി. എട്ട് വർഷമായി ഈ കപ്പലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാത്രി വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കപ്പൽ ഇറാൻ പിടികൂടിയ ശേഷം സുമേഷിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ശിവരാമന്റെ ഭാര്യ മിനിയും സുമേഷിന്റെ ഭാര്യ വൈദേഹിയും ഇവരുടെ മകളുടെ മുംബൈയിലെ വീട്ടിലേക്ക് പോയിരിക്കുകയാണ്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മകന്റെ മോചനം ആവശ്യപ്പെട്ട് ശിവരാമൻ ഇ-മെയിൽ അയച്ചിട്ടുണ്ട്. മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഇസ്രായേലീ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിനു കീഴിലുള്ളതാണ് കപ്പൽ. യു.എ.ഇയിലെ തുറമുഖത്തുനിന്ന് ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ടതായിരുന്നു.

ഇറ്റാലിയൻ-സ്വിസ് ഷിപ്പിങ് കമ്പനി എം.എസ്.സിയാണ് കപ്പൽ നിലവിൽ സർവിസ് നടത്തുന്നതെന്ന് സോഡിയാക് ഗ്രൂപ് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷക്കും കപ്പൽ തിരികെയെത്തിക്കാനും ശ്രമം തുടരുകയാണെന്ന് എം.എസ്.സിയും വ്യക്തമാക്കി. ആക്രമണം രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചുള്ള കടൽക്കൊള്ളയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിൽ കുറിച്ചു. ഡമസ്കസിലെ കോൺസുലേറ്റ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ യു.എസ് സൈനിക സാന്നിധ്യം വർധിപ്പിച്ചുവരുന്നതിനിടെയാണ് പുതിയ നീക്കം. രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ അടക്കം വിപുലമായ സന്നാഹങ്ങളാണ് യു.എസ് മേഖലയിൽ ഒരുക്കുന്നത്. ഗസ്സയിൽ ആറുമാസം പിന്നിട്ട ഇസ്രായേൽ അധിനിവേശത്തെ സഹായിച്ച് ആയിരക്കണക്കിന് ബോംബുകളും വെടിക്കോപ്പുകളും നൽകിയ യു.എസ് ഇസ്രായേലിനെതിരായ ഏത് ആക്രമണവും നേരിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഞങ്ങൾ ഇസ്രായേലിനെ പിന്തുണക്കുന്നു. ഇസ്രായേലിന്റെ ചെറുത്തുനിൽപിന് സഹായം നൽകും. ഇറാന് വിജയിക്കാനാകില്ല’’- എന്നായിരുന്നു ബൈഡന്റെ പ്രഖ്യാപനം. യുദ്ധ സാഹചര്യം ചർച്ച ചെയ്യാൻ യു.എസ് ഉദ്യോഗസ്ഥ പ്രമുഖർ ഇസ്രായേലിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇറാനിലേക്ക് വിമാന സർവിസുകളും ചില കമ്പനികൾ നിർത്തിവെച്ചു.

അതിനിടെ, ആവശ്യമെന്നു കണ്ടാൽ ഹുർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ്സ് മേധാവി അലിറിസ തൻക്സീരി ഭീഷണിപ്പെടുത്തി. എന്നാൽ, യുദ്ധസാഹചര്യം ഒഴിവാക്കാൻ രാജ്യാന്തര സമ്മർദം ശക്തമായ സാഹചര്യത്തിൽ തൽക്കാലം മുഖം രക്ഷപ്പെടുത്തുന്ന നടപടിയാണ് കപ്പൽ പിടിച്ചെടുക്കലെന്നും സൂചനയുണ്ട്.

Tags:    
News Summary - Iran Revolutionary Guards seize vessel related to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.