തെഹ്റാൻ: ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗയുടെ വിശ്വസ്തനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹീം റഈസി (60) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. റഈസിയും ഏക മിതവാദിയുമായ സെൻട്രൽ ബാങ്ക് മുൻ മേധാവി അബ്ദുൽ നസീർ ഹിമ്മത്തിയും (64) തമ്മിലായിരുന്നു പ്രധാന മത്സരം. അവസാന റൗണ്ടിൽ നാലു സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്.
1.78 കോടി വോട്ടുകൾ നേടിയാണ് ഇബ്രാഹീം റഈസി വിജയിച്ചത്. അബ്ദുന്നാസിർ ഹിമ്മത്തി 24 ലക്ഷം വോട്ടുകൾ നേടി. മുൻ റെവലൂഷനറി ഗാർഡ് കമാൻഡർ മുഹ്സിൻ റാസി 33 ലക്ഷവും അമീർ ഹുസൈൻ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടും നേടിയതായി ആഭ്യന്തരമന്ത്രാലയ തെരഞ്ഞെടുപ്പ് മേധാവി ജമാൽ ഓർഫ് പറഞ്ഞു. നിലവിലെ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ പക്ഷക്കാരായ പ്രമുഖ നേതാക്കൾക്ക് തെരഞ്ഞെടുപ്പു കമീഷൻ വിലക്ക് ഏർപ്പെടുത്തിയതോടെ മത്സരം പേരിനു മാത്രമായെന്ന വിമർശനം ഉണ്ടായിരുന്നു.
5.9 കോടി വോട്ടർമാരുള്ള രാജ്യത്ത് മൂന്നു കോടിക്കടുത്ത് പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വലിയൊരു വിഭാഗം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. 592 പേരാണ് മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ ഏഴുപേർക്ക് മാത്രമാണ് ഇറാൻ ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയത്. മൂന്നുപേർ പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറി.
2015ൽ ഇറാൻ വൻശക്തി രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് ട്രംപിെൻറ കാലത്ത് യു.എസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാർ പുനരുജ്ജീവിപ്പിക്കണോ എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. കരാറിൽനിന്നു പിന്മാറണമെന്നാണ് തീവ്രപക്ഷത്തിെൻറ വാദം. യു.എസുമായി വീണ്ടും ധാരണ ഉണ്ടാക്കിയാൽ രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് മിതവാദികളുടെ നിലപാട്. ഇബ്രാഹീം റഈസിക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.