ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ

ഓസ്ലോ: സ്ത്രീ അവകാശങ്ങൾക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ. ഇപ്പോഴും ജയിലിൽ കഴിയുന്ന 51 വയസ്സുള്ള നർഗീസ് വധശിക്ഷക്കെതിരായ കാമ്പയിനിലൂടെയും ശ്രദ്ധേയയാണ്. അര നൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകൾ നേരിട്ടു. പല തവണ ജയിലിലായി.

2019ൽ ഇന്ധന വില വർധനക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടയാളുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതിനാണ് 2021ൽ ഏറ്റവും അവസാനം തടങ്കലിലായത്. നർഗീസ് 13 തവണ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും അഞ്ചു തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നൊബേൽ കമ്മിറ്റി ചെയർ ബെറിറ്റ് റെയ്‌സ് ആൻഡേഴ്സൺ പറഞ്ഞു. മൊത്തം 31 വർഷത്തെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. വധശിക്ഷ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന കാമ്പയിനുവേണ്ടി മനുഷ്യാവകാശ സംഘടന രൂപവത്കരിച്ചുവെന്ന കുറ്റത്തിന് 2016 മേയിൽ 16 വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. 2003ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദി പുരസ്‌കാരം നേടിയശേഷം സമാധാന നൊബേൽ നേടുന്ന 19ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗീസ്.

1972 ഏപ്രിലിൽ ഇറാനിലെ സഞ്ചാനിൽ ജനിച്ച നർഗീസ് ഇമാം ഖുമൈനി അന്താരാഷ്ട്ര സർവകലാശാലയിൽനിന്ന് ഫിസിക്സിൽ ബിരുദം നേടി. 1999ൽ മാധ്യമപ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം ചെയ്തു. 14 വർഷം ജയിലിൽകഴിഞ്ഞ റഹ്മാനി 2012ൽ ഫ്രാൻസിലേക്ക് കുടിയേറി. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 8,31,90,400 ഇന്ത്യൻ രൂപ) ആണ് നൊബേൽ കാഷ് അവാർഡ്.

Tags:    
News Summary - Iranian Activist Narges Mohammadi Wins Nobel Peace Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.