തെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെന്ന് റിപ്പോർട്ട്. 100ഓളം പേരുടെ മരണത്തിന് കാരണമായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തെതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ടെലിഗ്രാം ചാനലിലൂടെയാണ് സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് ഐ.എസ് അറിയിച്ചതെന്ന് വാർത്തയിൽ പറയുന്നു.
സ്ഫോടക വസ്തുക്കൾ നിറച്ച ബെൽറ്റ് തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വെച്ച് പൊട്ടിച്ചത് തങ്ങളാണെന്നാണ് ഐ.എസ് അറിയിച്ചത്. ഇറാനിൽ റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 100ഓളം പേർ മരിക്കുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കിർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.
സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനിയെയും ഇറാഖ് അർധസൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും യു.എസ് സൈന്യം വധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.