ഗസ്സ: ഗസ്സയിലെ ഖാൻ യൂനിസിൽ സിവിലിയൻ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനിടെ ഗസ്സയിൽ 190 പേർ കൊല്ലപ്പെടുകയും 340 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ മരണം 25,295 ആയി. 63,000ത്തിലേറെ പേർക്കാണ് പരിക്കേറ്റത്. ഖാൻ യൂനിസിലെ നാസർ ആശുപത്രിയുടെ പരിസരത്ത് ബോംബാക്രമണം നടത്തി.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസ് തടഞ്ഞു. ഇവിടെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ബോംബിട്ട് 40 പേരെ കൊലപ്പെടുത്തി. അൽഅഖ്സ സർവകലാശാല, യൂനിവേഴ്സിറ്റി കോളജ് താമസകേന്ദ്രം, ഖാലിദിയ സ്കൂൾ, അൽ മവാസി സ്കൂൾ, ഖാൻ യൂനിസ് ഇൻഡസ്ട്രി ഷെൽട്ടർ തുടങ്ങി ആയിരങ്ങൾ കഴിയുന്ന അഭയാർഥി ക്യാമ്പുകൾക്കു നേരെയും ദയയില്ലാത്ത ആക്രമണമുണ്ടായി.
ദക്ഷിണ ലബനാനിലെ തയ്ബീഹ്, മർവാഹിൻ, ഷിഹിൻ, തൈർ ഹർഫ എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. അതിനിടെ, ബന്ദികളെ മോചിപ്പിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി നെതന്യാഹു സർക്കാറിനെതിരെ ഇസ്രായേൽ പാർലമെന്റിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഒത്തുതീർപ്പ് നിർദേശങ്ങൾക്ക് വഴങ്ങിയാണെങ്കിലും ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ തെരുവിലും പ്രതിഷേധം നടക്കുന്നുണ്ട്.
പാർലമെന്റ് സമിതി യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറി. എന്നാൽ, അധിനിവേശവും ആക്രമണവും പൂർണമായും അവസാനിപ്പിച്ചുള്ള ഒത്തുതീർപ്പിനു മാത്രമേ തയാറുള്ളൂ എന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി സാമി അബൂ സുഹ്രി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.