ടെൽ അവീവ്: ഫലസ്തീനിൽ മസ്ജിദുൽ അഖ്സയിലും ജറൂസലമിലും തുടരുന്ന പൊലീസ് ഭീകരത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിദേശ മാധ്യമപ്രവർത്തകരെ തടഞ്ഞ് ഇസ്രായേൽ. എറിസ് ചെക് പോയിന്‍റ് വഴി ഫലസ്തീൻ പ്രദേശമായ ഗസ്സ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിന് ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തി.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ക്രോസിങ് പോയിന്‍റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സിവിലിയൻമാർക്ക് ഫലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഏക ചെക് പോയിന്‍റാണ് എറിസ്.
മസ്ജിദുൽ അഖ്സയിലും ജറൂസലമിലും നടത്തുന്ന പൊലീസ് അതിക്രമങ്ങൾക്ക് പിന്നാലെയാണ് ഇസ്രായേൽ ഗസ്സയിലും വ്യോമാക്രമണം ആരംഭിച്ചത്. വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുൾപെടെ 35 ആയി. 220 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
2014നു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർത്തു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങൾ, ഡെന്‍റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്. ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ഇസ്രായേൽ ബോംബിട്ടു തകർത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഹെബ്രോണിൽ ഫലസ്തീനികൾ താമസിച്ചുവന്ന അൽഫവാർ അഭയാർഥി ക്യാമ്പും ഇസ്രായേൽ തകർത്തിട്ടുണ്ട്.
ജറൂസലമിൽ ദിവസങ്ങളായി ഇസ്രായേൽ പൊലീസ് തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്തീനികളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചാണ് പള്ളിയിൽ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്.
അഖ്സ പള്ളിക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.