വാർത്ത ഏജൻസിയുടെ ഗസ്സ ലൈവ് ഫീഡ് തടഞ്ഞ് ഇസ്രായേൽ; കാമറ പിടിച്ചെടുത്തു

ജറുസലേം: ഗസ്സയിലെ കാഴ്ചകൾ കാണിക്കുന്ന അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ലൈവ് ഫീഡ് ഇസ്രായേൽ തടഞ്ഞു. ക്യാമറയും സംപ്രേഷണ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിലാണ് സംഭവം.

രാജ്യത്തെ പുതിയ വിദേശ സംപ്രേഷണ നിയമം ലംഘിച്ചെന്നാരോപിച്ചാണ് നടപടി. തത്സമയ സംപ്രേക്ഷണം നിർത്താൻ വ്യാഴാഴ്ച എ.പിക്ക് വാക്കാൽ ഉത്തരവ് നൽകിയിരുയെങ്കിലും ഇത് പാലിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

അതിനിടെ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ വിദ്യാർഥികൾ, അധ്യാപകൻ, ഡോക്ടർ എന്നിവരടക്കം ഏഴു പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതിഗുരുതരമാണ്. ആദ്യം വേഷം മാറിയെത്തിയ സൈനികർ നിലയുറപ്പിച്ച ശേഷം സൈനിക വാഹനങ്ങൾ ക്യാമ്പിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. റെയ്ഡിനു പിന്നാലെ അടച്ച സ്കൂളിൽനിന്ന് കുട്ടികളെ കൂട്ടാനെത്തിയ രക്ഷിതാക്കളും കൊല്ലപ്പെട്ടവരിൽ പെടും.

വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ മുന്നറിയിപ്പില്ലാതെ നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഫലസ്തീൻ സിവിലിയന്മാർ അതിക്രൂരമായി കൊല്ലപ്പെട്ടു. ബെയ്ത്ത് ലാഹിയക്ക് സമീപത്തെ മഷ്‌റൂവിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആക്രമണം നടന്നത്. വീടുകൾക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾ നിലംപരിശാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 106 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയിൽ പാർപ്പിടം തകർത്ത് എട്ട് ഫലസ്തീനികളെ കൊലപ്പെടുത്തി. ബെയ്ത്ത് ഹനൂനിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കമാൽ അദ്‍വാൻ ആശുപത്രിയിൽ രണ്ടുദിവസമായി ഉപരോധം തുടരുന്ന ഇസ്രായേൽ സൈന്യം ഇവിടെയുള്ള രോഗികളെ മാറ്റുന്നതുൾപ്പെടെ തടയുകയാണ്. ഗസ്സയിൽ 24 മണിക്കൂറിനിടെ 85 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 200ലേറെ പേർക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 35,647 ആയി. പരിക്കേറ്റവർ 79,852 ആണ്. അതിനിടെ, ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈനികർക്കെതിരായ നീക്കത്തിൽ അവർക്ക് ആളപായവും പരിക്കുമുണ്ടായതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. മധ്യഗസ്സയിൽ ഇസ്രായേൽ സൈനികർക്ക് ആളപായം വരുത്തിയതായി മറ്റൊരു സായുധ വിഭാഗമായ അൽഖുദ്സ് ബ്രിഗേഡ്സും അറിയിച്ചു.

Tags:    
News Summary - Israel Blocks News Agency's Gaza Live Feed; The camera was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.