വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 44 മരണം

വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 44 മരണം

ഗസ്സ: ഹമാസുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചയിൽ തീരുമാനമാകാതെ പിരിഞ്ഞതോടെ ഗസ്സയിൽ വീണ്ടും ഇസ്രായേലിന്‍റെ വ്യോമാക്രണം. ജനുവരി 19ന് നിലവിൽവന്ന വെടിനിർത്തൽ കരാറിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണത്തിൽ 44 പേർക്ക് ജീവൻ നഷ്ടമായെന്ന് ഫലസ്തീനിയൻ അതോറിറ്റി അറിയിച്ചു. സെൻട്രൽ ഗസ്സയിലെ ദെയ്ർ അൽ-ബലായിലെ വീടുകൾക്ക് നേരെയും ഖാൻയൂനിസിലെയും റഫയിലെയും കെട്ടിടങ്ങൾക്കു നേരെയുമാണ് ആക്രമണമുണ്ടായത്.

റമദാൻ മാസത്തിലുണ്ടായ ഇസ്രായേൽ ക്രൂരതയിൽ എഴുപതിലേറെ പേർക്ക് പരിക്കേറ്റതായി ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി. ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം എക്സിൽ കുറിച്ചു. ബന്ദികളെ വിട്ടയക്കണമെന്ന നിർദേശം പാലിക്കാൻ ഹമാസ് തയാറാകാത്തതിനെ തുടർന്നാണ് ആക്രമണം കടുപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

യു.എസിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച ഉപാധികൾ ഹമാസ് നിരസിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട നെതന്യാഹു, ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇതിന്‍റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇസ്രായേൽ സൃഷ്ടിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.

2023 ഒക്ടോബറിൽ ഇസ്രായേൽ ഗസ്സയിൽ തുടങ്ങിയ നരനായാട്ടിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 47,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രണത്തിൽ 1200ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സയെ മരുപ്പറമ്പാക്കി ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ 1.12 ലക്ഷം പേർക്ക് പരിക്കേൽക്കുകയും 2.3 ലക്ഷം പേർ ഭവനരഹിതരാകുകയും ചെയ്തു. ലോകം പ്രതീക്ഷയോടെ നോക്കിയ വെടിനിർത്തൽ കരാറിന്‍റെ ലംഘനത്തോടെ വീണ്ടും ഗസ്സയെ രക്തരൂഷിതമാക്കുകയാണ് ഇസ്രായേൽ. 


Full View


Tags:    
News Summary - Israel bombards Gaza with airstrikes, most extensive since ceasefire deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.