റാമല്ല: നാലു നാൾ നീണ്ടുനിന്ന ഗസ്സ വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് നീട്ടിയെങ്കിലും മുള്ളുവേലിയായി ഇപ്പോഴും വലിയ പ്രശ്നങ്ങൾ. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് തടസ്സപ്പെടുത്തുന്ന ഇസ്രായേലിന്റെ മുഷ്ക്ക് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗസ്സയിൽ മൂന്നു മേഖലകളിൽ തെക്ക് മാത്രമാണ് നിലവിൽ സഹായം അനുവദിക്കുന്നത്. കരാർ പ്രകാരം വടക്ക്, മധ്യ മേഖലകൾക്കും സഹായം അനുവദിക്കണമെങ്കിലും അങ്ങോട്ട് സഹായ ട്രക്കുകൾ വിടില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഇതാകട്ടെ, ഈ മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ, 23 ലക്ഷം ജനസംഖ്യയിൽ 80 ശതമാനവും ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ്. ഇവരിലേറെ പേരും തെക്കൻ ഗസ്സയിൽ തന്നെയാണെങ്കിലും അവശേഷിച്ചവർ ഇപ്പോഴും കൊടുംപട്ടിണി കിടക്കാൻ നിർബന്ധിതരാകുന്നുവെന്നതാണ് സ്ഥിതി. വെടിനിർത്തലിന്റെ ആദ്യ ദിവസം 200 വാഹനങ്ങൾ റഫ അതിർത്തിയിലെത്തിയെങ്കിലും 137 എണ്ണമാണ് ചരക്കുകൾ ഗസ്സയിൽ ഇറക്കിയത്. ശനിയാഴ്ച 187 ആയിരുന്നു എണ്ണം. ഭക്ഷ്യവസ്തുക്കളുൾപ്പെടെ നിലവിൽ കടത്തിവിടുന്നുണ്ടെങ്കിലും ഇന്ധന ട്രക്കുകൾക്ക് ഇപ്പോഴും വിലക്ക് തുടരുകയാണ്. അഭയാർഥി പട്ടികയാണ് മറ്റൊരു പ്രശ്നം. കുടുംബങ്ങൾ ബന്ദിയാക്കപ്പെട്ടാൽ എല്ലാവരെയും ഒന്നിച്ച് മോചിപ്പിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുന്നു. ഹമാസ് ഈ വിഷയത്തിൽ കരാർ പാലിക്കുന്നില്ലെന്നാണ് ആരോപണം. റെഡ് ക്രോസിന് കൈമാറുന്നതിനെതിരെയും ഇസ്രായേലിനകത്ത് വിമർശനമുണ്ട്. എന്നാൽ, ഇസ്രായേൽ സൈന്യത്തിന് കൈമാറാനാകില്ലെന്നാണ് ഹമാസ് നിലപാട്.
വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സേന നടത്തുന്ന അതിക്രമങ്ങളാണ് മറ്റൊരു വിഷയം. തിങ്കളാഴ്ച മാത്രം 60ലേറെ പേരാണ് അറസ്റ്റിലായത്.
ഗസ്സ സിറ്റി: യുദ്ധമേഖലയായി പ്രഖ്യാപിച്ച് സഹായം പൂർണമായി മുടക്കിയ വടക്കൻ ഗസ്സയിൽ ഇന്ധനംപോലും ലഭിക്കാതെ ആശുപത്രികൾ. 100 രോഗികൾ ഇപ്പോഴും ചികിത്സയിലുള്ള ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽശിഫയടക്കം ഇന്ധനം മുടങ്ങി വലിയ പ്രതിസന്ധിയിലാണ്. അൽശിഫ സൈനികനിയന്ത്രണത്തിലാക്കി നടത്തിയ റെയ്ഡിൽ രോഗികളിലേറെയും പുറത്താക്കപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾ ബോംബിങ്ങിൽ തകർക്കപ്പെടുകയും ചെയ്തു. ഒരുനിലക്കും ആശുപത്രി വിടാനാകാതെ കുടുങ്ങിയവർക്കാണ് വെടിനിർത്തൽ നാലാം നാളിലെത്തിയിട്ടും ഇന്ധന പ്രതിസന്ധി ജീവൻ അപകടത്തിലാക്കുന്നത്. ഗസ്സയുടെ വടക്കൻ, മധ്യ മേഖലകളിലായി അൽഅഹ്ലി അറബ് ആശുപത്രി, കമാൽ അദ്വാൻ ആശുപത്രി, അൽഔദ ആശുപത്രി എന്നിവ മാത്രമാണ് പ്രവർത്തിക്കുന്നത്. ഗസ്സയിൽ മൊത്തം 21 സ്വകാര്യ ആശുപത്രികളും 13 പൊതുആശുപത്രികളും ഇസ്രായേൽ സൈന്യം തകർത്തിട്ടുണ്ട്. നിരവധി ഡോക്ടർമാരടക്കം കൊല്ലപ്പെട്ട തുരുത്തിൽ അൽശിഫ ഡയറക്ടർ മുഹമ്മദ് അബൂസൽമിയ, ഖാൻ യൂനുസ് മെഡിക്കൽ സെന്റർ ഡയറക്ടർ ഔനി ഖത്താബ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.