ഗസ്സ സിറ്റി: ഗസ്സയിലെ വെടിനിർത്തൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇനിയും വൈകുമെന്നാണ് ഇസ്രയേൽ നൽകുന്ന സൂചന. ഗസ്സയിലെ ബന്ദികളെ വെള്ളിയാഴ്ചക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. നാല് ദിവസത്തെ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചിരുന്നെങ്കിലും ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നാണ് ഇസ്രയേൽ ഉപദേഷ്ടാവ് ചൂണ്ടിക്കാണിക്കുന്നത്. അതു കൊണ്ട് വെള്ളിയാഴ്ചക്ക് മുൻപ് ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രായേൽ വ്യോമാക്രമണവും കനത്ത ഷെല്ലാക്രമണവും തുടരുകയാണ്. നാല് ദിവസത്തെ ഇടവേള എപ്പോൾ ആരംഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.
48 ദിവസം നീണ്ട വംശീയ അതിക്രമങ്ങൾക്ക് താൽക്കാലിക ആശ്വാസമായി ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേല്‍ താൽകാലിക വെടിനിർത്തൽ കരാർ അംഗീകരിച്ചത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ.
വെടിനിർത്തലിന് പുറമേ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. എന്നാൽ, കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് നൽകി.
ഒക്‌ടോബർ ഏഴു മുതൽ ഗസ്സയിൽ 14,500-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം 1,200 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.