ന്യൂയോർക്: ഇസ്രായേൽ നടത്തുന്നത് നാസി പ്രചാരണങ്ങൾക്ക് സമമാണെന്നും യു.എന്നിൽനിന്ന് അവരെ പുറത്താക്കണമെന്നും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്നിൽ. ആദ്യമായി ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന ചരിത്രപ്രധാനമായ നഖ്ബ ദിനാചരണത്തിലാണ് മഹ്മൂദ് അബ്ബാസ് അധിനിവേശ രാഷ്ട്രത്തിനെതിരെ ആഞ്ഞടിച്ചത്.
‘‘പലായനം ചെയ്യേണ്ടിവന്നവർക്ക് തിരിച്ചുവരവുൾപ്പെടെ ആവശ്യപ്പെടുന്ന രണ്ട് പ്രമേയങ്ങൾ ഇസ്രായേൽ നടപ്പാക്കണമെന്നായിരുന്നു നിബന്ധന. യു.എൻ അംഗത്വത്തിന് ഇത് മുൻ ഉപാധിയുമായിരുന്നു. എന്നാൽ, ചില രാജ്യങ്ങൾ ബോധപൂർവം ഇവ നടപ്പാക്കുന്നത് തടസ്സപ്പെടുത്തുകയാണ്’’- ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ അബ്ബാസ് പറഞ്ഞു. ഇനിയെങ്കിലും ഇത് നടപ്പാക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്നും അല്ലാത്തപക്ഷം അവരെ അംഗത്വത്തിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസ്, യു.കെ എന്നീ രാജ്യങ്ങളെ പേരെടുത്തുപറഞ്ഞ് വിമർശിച്ച അബ്ബാസ് എല്ലാ വർഷവും യു.എൻ ‘നഖ്ബ ദിനാചരണം’ നടത്താനും ആവശ്യപ്പെട്ടു.
1948ൽ ദശലക്ഷക്കണക്കിന് ഫലസ്തീനികളെ ആട്ടിപ്പായിച്ചും ആയിരങ്ങളെ അറുകൊല ചെയ്തും ഇസ്രായേൽ സ്ഥാപിച്ചതിന്റെ ഓർമകൾ പുതുക്കുന്ന ദിനമാണ് നഖ്ബ. 75ാം വാർഷികം പരിഗണിച്ചാണ് 193 അംഗ സഭയിൽ 90 രാജ്യങ്ങളുടെ പിന്തുണയോടെ നഖ്ബ ദിനാചരണത്തിന് കഴിഞ്ഞ നവംബറിൽ തീരുമാനമെടുത്തത്. 30 രാജ്യങ്ങൾ എതിർത്തപ്പോൾ 47 എണ്ണം വിട്ടുനിന്നു. ഈജിപ്ത്, ജോർഡൻ, സെനഗാൾ, തുനീഷ്യ, യമൻ, ഫലസ്തീൻ എന്നിവ ചേർന്നായിരുന്നു നഖ്ബ ദിനാചരണത്തിന് നീക്കം നടത്തിയത്. യു.എന്നിൽ ദിനാചരണം നടക്കാതിരിക്കാൻ ഇസ്രായേൽ നിരന്തരം പ്രചാരണം നടത്തിയിരുന്നു. യു.എസ്, യു.കെ, കാനഡ, യുക്രെയ്ൻ അടക്കം 32 രാജ്യങ്ങൾ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.