ഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിന്റെ രണ്ടാം വാരത്തിലെ ഒരു ദിവസം പുലർച്ച നാലിന് മൊബൈൽ ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കേട്ടാണ് യാസ്മീൻ ജൗദാ എഴുന്നേറ്റത്. അൽപനേരത്തെ മരവിപ്പിനൊടുവിൽ അവൾ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു, തന്റെ കുടുംബാംഗങ്ങളെല്ലാവരും കൊല്ലപ്പെട്ടതറിഞ്ഞ് വിളിക്കുന്നവരായിരുന്നു മറുതലക്കൽ.
ആ പുലർകാലത്ത് കിടക്കയിൽനിന്നെഴുന്നേറ്റ് മാതാപിതാക്കളുടെ വീടിരുന്ന സ്ഥലത്തേക്ക് തെരുവിലൂടെ അവൾ ഓടി. തകർന്നുകിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ വെറുംകൈ കൊണ്ട് തിരയാനാരംഭിച്ചു. നാലുനില വീടിന് മുകളിൽ ഇസ്രായേൽ മിസൈൽ പതിക്കുമ്പോൾ കുടുംബാംഗങ്ങൾ ഗാഢനിദ്രയിലായിരുന്നു. നിമിഷനേരംകൊണ്ട് എല്ലാവരും അവശിഷ്ടങ്ങൾക്കടിയിലായി.
ഓരോരുത്തരെയായി അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തേക്കെടുക്കുമ്പോൾ അവൾ സഹായത്തിനായി ചുറ്റുപാടും കണ്ണോടിച്ചു. ഏതാനും ആഴ്ചകൾക്കുമുമ്പ് ആദ്യചുവടുവെച്ച സഹോദരിയുടെ 16 മാസം പ്രായമായ മകൾ മെലീസയെ പുറത്തെടുത്തപ്പോൾ അവൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല. അവൾ മരിച്ചുവെന്നായിരുന്നു കരുതിയത്. ഇസ്രായേൽ വ്യോമാക്രമണത്തിൽനിന്നുള്ള ചീളുകൾ മെലീസയുടെ സുഷുമ്നാ നാഡിയിൽ തുളച്ചുകയറിയിരുന്നു. അരക്ക് താഴേക്ക് തളർന്ന നിലയിൽ അവളുടെ ജീവൻ ബാക്കിയായി.
ആഴ്ചകൾക്കിപ്പുറം, യാസ്മീന്റെ മഹാവ്യഥ വാക്കുകളായി പുറത്തുവന്നു. മുഖത്ത് കണ്ണീർച്ചാലുകൾ ഒഴുകി. ‘‘എല്ലാവരും പോയി’’- അൽ അഖ്സ മാർട്ടിയേഴ്സ് ഹോസ്പിറ്റലിൽനിന്ന് അവൾ പറഞ്ഞു. ‘‘എന്റെ അഞ്ച് സഹോദരങ്ങളും കൊല്ലപ്പെട്ടു. എന്റെ മാതാവ്, രണ്ട് അമ്മായിമാർ, അവരുടെ പെൺമക്കൾ, പുത്രന്മാർ, എന്റെ സഹോദരീ ഭർത്താവ്. എനിക്കവരെ തിരികെ വേണം. അവരെ തിരിച്ചുകൊണ്ടുവരൂ’’ - അവൾ വിതുമ്പി. ഏറ്റവുമടുത്ത 32 ബന്ധുക്കളാണ് അവളുടെ കുടുംബത്തിൽ കൊല്ലപ്പെട്ടത്. അവരിലധികവും സ്ത്രീകളാണ്.
ശരീരം തളർന്ന് ബാക്കിയായ മെലീസയുടെ പിതാവ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ, സഹോദരിമാർ, അവരുടെ മക്കൾ എന്നിവരും കൊല്ലപ്പെട്ടു. ആകെ 68 പേരെയാണ് കുടുംബത്തിന് നഷ്ടമായത്.
വിദേശത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാൽ മെലീസയെ രക്ഷപ്പെടുത്താനാകുമെന്ന് അൽ അഖ്സ മാർട്ടിയേഴ്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. അയ്മൻ ഹർബ് പറഞ്ഞു. അവളുടെ ടി 12 കശേരുക്കളിൽ ഒന്നിലധികം ചീളുകൾ തറച്ചിട്ടുണ്ട്. ഒപ്പം നട്ടെല്ലിൽ പൊട്ടലുകളുമുണ്ട്. ശരീരത്തിന്റെ പകുതിഭാഗം തളർന്നതിനാൽ ഫിസിയോതെറപ്പിയും മാനസിക പിന്തുണയുമാണ് അടിയന്തരമായി വേണ്ടത്. ചീളുകൾ ഇപ്പോഴും ശരീരത്തിലുള്ളതിനാൽ സ്ഥിതി വഷളാകാനും സാധ്യതയുണ്ട്. ഭാവിയിൽ അവൾക്ക് വീൽ ചെയറിൽ കഴിയേണ്ടിവരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇസ്രായേൽ ആക്രമണത്തിൽ ചലനശേഷി നഷ്ടമായ 12 പേരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
മെലീസയുടെ ഒമ്പത് മാസം ഗർഭിണിയായ മാതാവിന് പ്രസവ വേദനയുണ്ടായ സമയത്താണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ഇരട്ടക്കുട്ടികളുടെ ശിരസ്സുകൾ പുറത്തുവന്ന നിലയിലായിരുന്നു അവരുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയത്. യാസ്മീനൊപ്പമാണ് മെലീസ ഇപ്പോൾ കഴിയുന്നത്.
റഫ അതിർത്തി കടന്ന് വിദഗ്ധ ചികിത്സക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി കാത്തിരിക്കുകയാണവൾ. ‘അവളെ എന്റെ ഹൃദയത്തിലാണ് കൊണ്ടുനടക്കുന്നത്. അവൾമാത്രമാണ് ഇപ്പോൾ എനിക്കുള്ളത്’ -യാസ്മീൻ പറഞ്ഞു. ഒരാഗ്രഹമാണ് യാസ്മീനുള്ളത് -മെലീസ നടക്കുന്നത് കാണണം. അപ്പോഴും അവൾ എങ്ങനെ ജീവിക്കുമെന്ന് യാസ്മീനറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.