ഇസ്രായേൽ നശിപ്പിച്ച ഗസ്സയിലെ അൽ-ഷിഫ ഹോസ്പിറ്റൽ മുറ്റത്തുനിന്ന് ഫലസ്തീൻ ഫൊറൻസിക്, സിവിൽ ഡിഫൻസ് ജീവനക്കാർ മൃതദേഹാവശിഷ്ടങ്ങൾ നീക്കുന്നു

ചിതറിയ കുഞ്ഞുടലുകൾ, അഴുകിയ മൃതദേഹങ്ങൾ... ഇസ്രായേൽ ഭീകരതയുടെ ​ശേഷിപ്പായി അൽശിഫ ആശുപത്രി; ദൃശ്യങ്ങൾ പുറത്ത്

ഗ​സ്സ സി​റ്റി: ഗസ്സയിലെ ഏറ്റവും വലിയ, തലയെടുപ്പുള്ള ആതുരാലയമാണ് അൽശിഫ ആശുപത്രി. ലക്ഷക്കണക്കിന് മനുഷ്യർക്ക് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ നടത്തിച്ച മഹിത ചരിത്രമുള്ള ഈ ആശുപത്രി ഇന്ന്, ഒടിഞ്ഞുതകർന്ന അസ്ഥികൂടം പോലെ കോൺക്രീറ്റ് ബീമുകളും സ്ലാബുകളും പുറത്തേക്ക് തുറിച്ച് തള്ളി നിൽക്കുന്നു. ​ഐ.സി.യുവും ഓപറേഷൻ തിയറ്ററും ശിശുരോഗവിഭാഗവും പ്രേതഭവനം കണക്കെ കത്തിക്കരിഞ്ഞ് വെറും കോൺക്രീറ്റ് അവശിഷ്ടം. മനുഷ്യത്വമില്ലാത്ത ഇസ്രായേലിന്റെ ​സൈനികർ രണ്ടാഴ്ച ഇവി​​ടെ സംഹാരതാണ്ഡവമാടിയതിന്റെ ബാക്കിപത്രമാണിത്.


തീർന്നില്ല, ഇപ്പോൾ മരണത്തിന്റെ മണമാണിവിടെയെങ്ങും. ഇന്നലെ സന്നദ്ധപ്രവർത്തകരും യു.എൻ ഉദ്യോഗസ്ഥരും ഫലസ്തീൻ സിവിൽ ഡിഫൻസും ആശുപത്രിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഇസ്രായേൽ ​കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞുങ്ങളുടെ ഉടലുകൾ വരെ ആശുപത്രിയിലും മുറ്റത്തും ചിതറിക്കിടക്കുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ ചീഞ്ഞളിഞ്ഞതിന്റെ ദുർഗന്ധം വമിക്കുന്നു... സ്ത്രീകളും കുഞ്ഞുങ്ങളും മുതിർന്നവരുമടക്കമുള്ളവരുടെ കൈകാലുകളും ശരീരഭാഗങ്ങളും പലയിടത്തുമായി കിടക്കുന്നു. ആശുപത്രിമുറ്റത്ത് കൂട്ടക്കുഴിയെടുത്ത് ഒരുമിച്ച് തള്ളിയ മൃതശരീരങ്ങൾ​ വേറെ.. മുമ്പ് കൊല്ലപ്പെട്ടവർക്ക് ആശുപത്രി വളപ്പിലൊരുക്കിയ ഖബറുകൾ ഇസ്രായേൽ ബുൾഡോസറുകൾ മാന്തിപ്പൊളിച്ച് പുറത്തിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും അങ്ങിങ്ങായി കിടക്കുന്നു.

ചികിത്സ തേടിയെത്തിയവരും ആരോഗ്യപ്രവർത്തകരും അഭയം തേടിയവരുമടക്കം 300ഓളം പേരെയാണ് ഈ ആശുപത്രിക്കകത്ത് ഇസ്രായേൽ വെടിവെച്ചും പട്ടിണിക്കിട്ടും മർദിച്ചും രണ്ടാഴ്ചകൊണ്ട് കൂട്ട​ക്കൊല ചെയ്തത്. അവരുടെ മൃതദേഹങ്ങളോട് പോലും ​കൊടുംക്രൂരതയാണ് സൈനികർ കാണിച്ചത്. മരിച്ചവരുടെ ദേഹത്തുകൂടി ടാങ്കുകൾ ഓടിച്ചുകയറ്റിയെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.




ആശുപത്രിയിലേക്കുള്ള വഴിപോലും ബുൾഡോസർ ഉപയോഗിച്ച് കിളച്ചുമറിച്ചു. ആ​ശു​പ​ത്രി സ​മു​ച്ച​യ​വും പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ത്തു​ത​രി​പ്പ​ണ​മാ​ക്കിയാണ് ഇ​സ്രാ​യേ​ൽ സേ​ന ഇവിടെ നിന്ന് പി​ന്മാ​റിയത്. ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ട സൈ​നി​ക താ​ണ്ഡ​വത്തിനിടെ ചി​കി​ത്സ മു​ടങ്ങി നി​ര​വ​ധി രോ​ഗി​ക​ൾ മ​രി​ച്ചി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​രാ​യും അ​ഭ​യാ​ർ​ഥി​ക​ളാ​യും അ​ക​ത്തു​ണ്ടാ​യി​രു​ന്നവ​രെ കൊ​ല​പ്പെ​ടു​ത്തി ​നൂ​റു​ക​ണ​ക്കി​ന് പേ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും ബോം​ബി​ട്ട് കോ​ൺ​ക്രീ​റ്റ് കൂ​ന​ക​ളാ​ക്കു​ക​യും ചെ​യ്തു. കഴിഞ്ഞ നവംബർ മുതൽ നാലുതവണയാണ് ഇസ്രായേൽ സേന ഈ ആശുപത്രിയിൽ ഇരച്ചുകയറി അതിക്രമം അഴിച്ചുവിട്ടത്.

Tags:    
News Summary - Bodies recovered from Al-Shifa Hospital ruins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.