ഹമാസ് നേതാവും ഫലസ്തീൻ അതോറിറ്റി മുൻ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ

വെടിനിർത്തൽ: കൂടുതൽ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടു

ഗസ്സ: ഇസ്രായേൽ -ഹമാസ് വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ ഫലസ്തീൻ വിമോചന പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഹമാസ് പുറത്തുവിട്ടു. ഇരുഭാഗവും നാല് ദിവസത്തേക്ക് താൽക്കാലിക വെടിനിർത്തൽ ​നടപ്പാക്കുമെന്ന് ഹമാസ് സ്ഥിരീകരിച്ചു. ടെലഗ്രാമിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകൾ:

  • ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കും. സൈനിക വാഹനങ്ങളുടെ സഞ്ചാരം ഉൾപ്പെടെ നിർത്തിവെക്കും
  • മെഡിക്കൽ, ഇന്ധന, ഭക്ഷണ വിതരണത്തിനായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും
  • തെക്കൻ ഗസ്സയിൽ നാല് ദിവസം ഡ്രോണുകൾ അയക്കില്ല.
  • വടക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ പ്രതിദിനം ആറ് മണിക്കൂർ ഡ്രോൺ പറത്തില്ല
  • വെടിനിർത്തൽ കാലയളവിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല
  • സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും.

കരാർ ഇസ്രായേൽ അംഗീകരിച്ചു

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ വെടിനിർത്തൽ കരാറിനെ ഇസ്രായേൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നാല് ദിവസത്തെ വെടിനിർത്തൽ, സ്ത്രീകളും കുട്ടികളുമടക്കമുള്ള 50 ഇസ്രായേലി തടവുകാരുടെ മോചനം, സ്ത്രീകളും കുട്ടികളുമടക്കമുള്ള 140 ഫലസ്തീൻ തടവുകാരുടെ മോചനം എന്നിവയാണ് പ്രധാന വ്യവസ്ഥയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്ത വിവരം ഇസ്രായേൽ ഖത്തറിനെ ഔദ്യോഗികമായി അറിയിക്കണം. അതിന് ശേഷം കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തർ നിർവഹിക്കും. കരാറിനെതിരെ ഏതൊരു ഇസ്രായേലിക്കും 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ഹൈകോടതിയിൽ അപ്പീൽ നൽകാം. ഈ കാലയളവിൽ ഗസ്സയിലെ തടവുകാരെയോ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയോ മോചിപ്പിക്കില്ല. എതിർപ്പുകളി​ല്ലെങ്കിൽ അപ്പീൽ കാലാവധി കഴിഞ്ഞാൽ തടവുകാരുടെ ആദ്യ കൈമാറ്റം നാളെയോ മറ്റന്നാളോ നടന്നേക്കും. 

Tags:    
News Summary - Israel Palestine Conflict: Hamas releases more details on Gaza truce agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.