ജറുസലേം: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ജറൂസലേം ഓർത്തഡോക്സ് സഭാധിപൻ പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമന്റെ നേതൃത്വത്തിൽ പ്രാർഥനായോഗവും അനുസ്മരണസമ്മേളനവും നടത്തി. യേശുവിനെ ക്രൂശിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ഹോളി സെപൽച്ചർ ദേവാലയത്തിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പ്രാർത്ഥന.
വ്യാഴാഴ്ച സെന്റ് പോർഫിറിയസ് ഓർത്തഡോക്‌സ് പള്ളി കോമ്പൗണ്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 18 പേർക്കും ഗസ്സയിൽ ഇതുവരെ ഇരയാക്കപ്പെട്ടവർക്കും വേണ്ടിയാണ് പ്രാർഥന നടത്തിയതെന്ന് ജറൂസലേം പാത്രിയാർക്കീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അയൽക്കാരോട് വിദ്വേഷം പുലർത്തുന്നവരിൽ, പ്രത്യേകിച്ച് ഇപ്പോൾ യുദ്ധത്തിലേർപ്പെടുകയും യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നവരിൽ സമാധാനപരമായ ജീവിതത്തിനുള്ള ആഗ്രഹം ഉണർത്താൻ ദൈവത്തോട് പ്രാർഥിച്ചതായി പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമൻ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിൽ സൗഖ്യത്തിനും ശക്തിക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പരസ്‌പരം താങ്ങാവുന്ന ഒരു സമൂഹമെന്ന നിലയിലാണ് തങ്ങൾ ഒത്തുചേർന്നത് -പാത്രിയാർക്കേറ്റ് അറിയിച്ചു.
ഇപ്പോഴും ആരാധന നടക്കുന്ന, ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങളിലൊന്നായ, ഗസ്സയിലെ സെന്റ് പോർഫിറിയോസ് ചർച്ചാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സേന തകർത്തത്. 200ഓളം കുരുന്നുകളും സ്ത്രീകളും മുതിർന്നവരും ചർച്ചിലുണ്ടായിരുന്നു. രണ്ടു തവണയാണ് ഇസ്രായേലി ബോംബറുകൾ ചർച്ച് ലക്ഷ്യമിട്ടത്. ചർച്ചിൽ അഭയം തേടിയ നൂറുകണക്കിനാളുകളിൽ 18 പേർ കൊല്ലപ്പെട്ടതോടെ സമീപകാലത്തെ ഏറ്റവും ക്രൂരമായ വ്യോമാക്രമണങ്ങളിലൊന്നായി ഗസ്സയിലെ ചിരപുരാതന ക്രൈസ്തവ ദേവാലയം മാറി. ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളായ അഞ്ഞൂറോളം പേർ സെന്റ് പോർഫിറിയോസിൽ അഭയം തേടിയിരുന്നു.
ജറൂസലം ആസ്ഥാനമായ ഗ്രീക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റിന്റെ കീഴിലുള്ളതാണ് ചർച്ച്. ഇസ്രായേൽ ചെയ്തിയെ പാത്രിയാർക്കേറ്റ് അപലപിച്ചു. ‘‘ഇസ്രായേൽ ബോംബാക്രമണത്തിൽ വീടു നഷ്ടപ്പെട്ട നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകിയ ചർച്ചുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണ്. ഇത് അവഗണിക്കാൻ കഴിയില്ല’’ -പാത്രിയാർക്കേറ്റ് വ്യക്തമാക്കി.
എ.ഡി 425ൽ നിർമിച്ച ക്രൈസ്തവ ദേവാലയത്തിന്റെ സ്ഥാനത്ത് 1150ൽ സ്ഥാപിതമായതാണ് ബിഷപ് പോർഫിറിയോസിന്റെ പേരിലുള്ള ചർച്ച്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ചർച്ചാണെന്നും പറയപ്പെടുന്നുണ്ട്. 1500 വർഷം മുമ്പ് ഗസ്സയിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയനായിരുന്നു പോർഫിറിയോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.