ഗസ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; അൽജസീറ റിപ്പോർട്ടറടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി

ഗസ്സ: ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ ഇസ്ര​ായേൽ സേന വീണ്ടും ഇരച്ചുകയറി രോഗികളെയടക്കം കൂട്ട​ക്കൊല നടത്തി. നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽജസീറ അറബിക് റിപ്പോർട്ടർ ഇസ്മായിൽ അൽ-ഗൗൽ അടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയി. ഇവരെ മർദിച്ചവശരാക്കിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സേന അഴിഞ്ഞാട്ടം തുടരുന്ന ആശുപത്രിയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അധിനിവേശ സൈന്യം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ 30,000ത്തോളം ഫലസ്തീനികൾ അൽശിഫ ആശുപത്രിയിലും പരിസരത്തുമായി അഭയാർഥികളായി കഴിയുന്നുണ്ട്. ഇവരും ആശുപത്രി ജീവനക്കാരും ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയുടെ സർജറി ബ്ലോക്കിലാണ് ഇസ്രായേൽ സേന അക്രമണം അഴിച്ചുവിട്ടുതുടങ്ങിയത്. ആശുപത്രിയുടെ പരിസരവും മുറ്റവും ബുൾഡോസറുകൾ ഉപയോഗിച്ചു കിളച്ചുമറിച്ചു.


ഒക്ടോബർ ഏഴിനുശേഷം നാലാം തവണയാണ് ഇസ്രായേൽ സൈന്യം അൽശിഫ ആശുപത്രിയിൽ വ്യാപക അക്രമം നടത്തുന്നത്. കഴിഞ്ഞ നവംബറിൽ അൽശിഫ ആശുപത്രിക്കുകീഴിൽ ഹമാസിന്റെ സൈനിക ബങ്കറുകൾ ഉണ്ടെന്നുപറഞ്ഞ് നടത്തിയ ആക്രമണത്തിൽ രോഗികളെയും ആരോഗ്യ പ്രവർത്തകരെയുമടക്കം നൂറുകണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട ആക്രമണത്തിനുശേഷം ആശുപത്രിയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന് കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. അവിടെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട ബങ്കറുകൾ പതിറ്റാണ്ടുകൾക്കുമുമ്പ് തങ്ങൾ തന്നെ നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്തെത്തിയതോടെ ഇസ്രായേൽ പ്രതിക്കൂട്ടിലായി.

ഇപ്പോൾ ഹമാസ് അൽശിഫ ആശുപത്രി കേന്ദ്രമായി പുനഃസംഘടിക്കുന്നുവെന്നാരോപിച്ചാണ് ഇന്ന് പുലർച്ച ആക്രമണം നടത്തിയത്. ആരോപണം ഹമാസ് നിഷേധിച്ചു. അതിനിടെ, ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 31,600 കവിഞ്ഞതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Tags:    
News Summary - Israel Palestine Conflict: Israeli forces storm Gaza’s al-Shifa Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.