ജറൂസലം: ഫലസ്തീൻ കുടുംബങ്ങളെ രാജ്യത്തുനിന്ന് നാടുകടത്താൻ പാർലമെന്റിൽ നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും തീവ്രവലതുപക്ഷ ഭരക്ഷകക്ഷികളും ചേർന്ന് അവതരിപ്പിച്ച നിയമം 41നെതിരെ 61 വോട്ടുകൾക്കാണ് പാസായത്. പൗരത്വമുള്ള ഇസ്രായേലിലെയും കിഴക്കൻ ജറൂസലമിലെയും ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണത്തിൽ തകർന്ന ഗസ്സ മുനമ്പിലേക്കോ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കോ ആയിരിക്കും നാടുകടത്തുക. ഏഴുവർഷം മുതൽ 20 വർഷം വരെ ഇസ്രായേലിലേക്ക് തിരിച്ചുവരാൻ ഇവർക്ക് അനുമതിയുണ്ടാകില്ല. രാജ്യത്തിനെതിരെ ആക്രമണം നടത്തുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നവരെ നാടുകടത്താനാണ് നിയമം പാസാക്കിയതെന്നാണ് ഇസ്രായേൽ വിശദീകരണം.
അതേസമയം, നിരന്തരം സൈനിക നടപടിക്ക് വിധേയമാകുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുള്ളവരെ നാടുകടത്തുമോയെന്ന കാര്യം അവ്യക്തമാണ്. നിയമത്തിന് ഇസ്രായേൽ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പ്രാബല്യത്തിലാകൂ.
നാടുകടത്താൻ നേരത്തെയും പല ശ്രമങ്ങളും നടത്തിയിരുന്നതിനാൽ നിയമം സുപ്രീംകോടതി തള്ളാനാണ് സാധ്യതയെന്ന് സൈന്യത്തിന്റെ മുൻ അന്താരാഷ്ട്ര നിയമ വിദഗ്ധനും ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനുമായ ഡോ. ഇറൻ ഷമിർ ബോറർ പറഞ്ഞു. നിയമം ഭരണഘടനാ വിരുദ്ധവും ഇസ്രായേലിന്റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പതിനായിരക്കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും ജനസംഖ്യയുടെ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെടുകയും ഒരു തരത്തിലും ജീവിക്കാൻ അനുയോജ്യമല്ലാത്ത പ്രദേശമായി മാറുകയും ചെയ്ത ഗസ്സ മുനമ്പിലേക്ക് നാടുകടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇസ്രായേലിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം ഫലസ്തീനികളാണ്. പൗരത്വവും വോട്ടവകാശവുമുണ്ടെങ്കിലും നിരന്തരം കടുത്ത വിവേചനം നേരിടുന്ന വിഭാഗമാണ് ഫലസ്തീനികൾ. ഇവരിൽ പലർക്കും ഇസ്രായേൽ വംശഹത്യക്ക് ഇരയായ ഗസ്സയിലും മറ്റും അടുത്ത കുടുംബ ബന്ധങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.