ഏഴുമാസം തടവിലിട്ട ശേഷം ഇസ്രായേൽ മോചിപ്പിച്ച ഗസ്സ അൽശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാൽമിയ. ഇസ്രായേൽ പിടികൂടുംമുമ്പുള്ള ഡോ. മുഹമ്മദ് അബു സാൽമിയയുടെ ചിത്രം (വലത്ത്)

ഇസ്രായേൽ ഏഴുമാസം തടവിലിട്ട അൽശിഫ ആശുപത്രി മേധാവിയടക്കം 50 പേരെ മോചിപ്പിച്ചു

ഗസ്സ: ഏഴുമാസം മുമ്പ് ഇസ്രായേൽ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ച ഗസ്സയിലെ അൽശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാൽമിയ ഉൾപ്പെടെ 50 തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോചിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

2023 നവംബർ 23നാണ് മറ്റൊരു സർജന്റെ കൂടെ ഗസ്സയിലെ കുവൈറ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് അദ്ദേഹത്തെ പിടികൂടിയത്. ആശുപത്രിയിൽ ഹമാസ് സൈനിക ബാരക്കുകളും ഒളിത്താവളവും ഉണ്ടെന്ന തരത്തിൽ വിഡിയോ റെക്കോർഡ് ചെയ്യാൻ അദ്ദേഹത്തെ അധിനിവേശ സേന നിർബന്ധിച്ചിരുന്നു. എന്നാൽ, അതിന് വിസമ്മതിച്ചതോടെ കഠിനമായ പീഡനത്തിനിരയാക്കുകയും അപമാനിക്കുകയും ചെയ്തു. പിന്നീടാണ് അജ്ഞാതകേന്ദ്രത്തിൽ തടങ്കലിലാക്കിയത്.

നഖബയ്ക്ക് ശേഷം ഫലസ്തീൻ ജനത ഇതുവരെ കാണാത്ത ക്രൂരതകളാണ് തടവുകാർ ഇപ്പോൾ അനുഭവിക്കുന്നതെന്ന് മോചിതനായ അബു സാൽമിയ മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആരോഗ്യപ്രവർത്തകരെയാണ് അധിനിവേശ സേന ലക്ഷ്യമിടുന്നത്. ചില തടവുകാർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഭക്ഷണവും വെള്ളവും കൊടുക്കാതെ തടവുകാരെ അധിനിവേശസേന ക്രൂരമായി പീഡിപ്പിക്കുയാണെന്നും ദാരുണമായ അവസ്ഥയിലൂടെയാണ് ഇവർ കടന്നുപോകുന്നതെന്നും ഡോ. അബു സാൽമിയ പറഞ്ഞു. തടവറയിൽ ഉറങ്ങാൻ അനുവദിക്കാതെ തുടർച്ചയായ പീഡനത്തിന് വിധേയനാക്കിയിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യം അതിവേഗം വഷളായതായും ഡോക്ടറുടെ ബന്ധുവായ അദം അബു സാൽമിയ അറിയിച്ചു. 

Tags:    
News Summary - 'Israel' releases detained al-Shifa Hospital chief, 49 others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.