വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഹ​മാ​സി​നെ ത​ക​ർ​ത്ത​താ​യി ഇ​സ്രാ​യേ​ൽ

ഗസ്സ: വടക്കൻ ഗസ്സയിൽ ഹമാസിനെ തകർത്തതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാറി പറഞ്ഞു. കമാൻഡർമാരും ചട്ടക്കൂടുമില്ലാതെ ഒറ്റപ്പെട്ട ഹമാസ് പോരാളികൾ ഇപ്പോഴും വടക്കൻ ഗസ്സയിൽ ഉണ്ടാകുമെങ്കിലും സംഘടിത ആക്രമണത്തിന് ഇനിയവർക്ക് കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. 8000ത്തോളം ഹമാസ് പോരാളികളെ ഇവിടെ വധിച്ചതായാണ് അവകാശവാദം. വടക്കൻ ഗസ്സയിൽ വ്യോമാക്രമണം തൽക്കാലം അവസാനിപ്പിക്കുകയാണെന്ന് അവർ സൂചന നൽകി.

ഇനി മധ്യ, തെക്കൻ ഗസ്സയെ ലക്ഷ്യമാക്കും. അതേസമയം ഹമാസിനെ തുടച്ചുനീക്കൽ, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങി പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കാതെ ഗസ്സ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു.

അതിനിടെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ ആക്രമണം വ്യാപിപ്പിച്ചു. ജെനിനിൽ ഡ്രോൺ ആക്രമണത്തിൽ നാല് സഹോദരങ്ങൾ അടക്കം ആറുപേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ സ്ഫോടനത്തിൽ ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു. ഫലസ്തീൻ ഒളിമ്പിക് ഫുട്ബാൾ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള ഹാനി അൽ മസ്ദറും കൊല്ലപ്പെട്ടു. ജെനിൻ, ഹെബ്രോൺ, ഖൽഖിൽയ, ജെറിചോ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സൈന്യം വ്യാപക പരിശോധന നടത്തുന്നു.

യുദ്ധം വ്യാപിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യും -ബ്ലിങ്കൻ

അമ്മാൻ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പശ്ചിമേഷ്യൻ സന്ദർശനം തുടരുന്നു. ഞായറാഴ്ച അദ്ദേഹം ജോർഡനിലെത്തി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ യുദ്ധം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ സ്വാധീനിക്കാവുന്ന ഭരണാധികാരികളെ കാണുകയാണ് ബ്ലിങ്കന്റെ സന്ദർശന ലക്ഷ്യം. ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല -ഇസ്രായേൽ സംഘർഷം ശക്തമാകുന്നതും ചെങ്കടലിലെ ഹൂതികളുടെ ആക്രമണം തടയാൻ കഴിയാതിരിക്കുന്നതുമാണ് യു.എസിനെ നയതന്ത്ര നീക്കം ശക്തമാക്കാൻ പ്രേരിപ്പിച്ചത്. യുദ്ധം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അക്രമപരമ്പരകൾ അവസാനിപ്പിക്കാനും കഴിയുന്നതെല്ലാം ചെയ്യണമെന്ന് ബ്ലിങ്കൻ അമ്മാനിൽ പറഞ്ഞു.

സഖ്യവും സ്വാധീനവും ബന്ധങ്ങളുമെല്ലാം ഇക്കാര്യത്തിൽ ഉപയോഗിക്കുന്നതായും തുർക്കിയക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ബ്ലിങ്കൻ ഇസ്തംബൂളിലെത്തി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം ഗ്രീസ് സന്ദർശിച്ചു. അവിടെനിന്നാണ് ജോർഡനിലെത്തിയത്. അമ്മാനിൽനിന്ന് അദ്ദേഹം ഖത്തറിലേക്കും യു.എ.ഇയിലേക്കുമാണ് തിരിക്കുന്നത്.

Tags:    
News Summary - Israel says it has defeated Hamas in northern Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.