ടെൽ അവീവ്: സിറിയൻ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം. ഇസ്രായേൽ സൈന്യമാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. റോക്കറ്റാക്രമണത്തിന് മറുപടിയായാണ് സിറിയൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
രണ്ട് റോക്കറ്റുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് സിറിയയിൽ നിന്ന് വന്നത്. ഈ റോക്കറ്റുകൾ തൊടുത്തുവിട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത് വിട്ടിട്ടില്ല. ഇതുസംബന്ധിച്ച് സിറിയയിൽ നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
അതേസമയം, ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളിൽ 704 ഗസ്സ നിവാസികളെ കൊന്ന് ഇസ്രായേൽ. ഇതിൽ 180ഓളം കുട്ടികളാണ്. ഇതോടെ ആകെ മരണം 5,791 ആയി. ആകെ 2000 കുട്ടികളാണ് മരിച്ചുവീണത്. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ ഐക്യരാഷ്ട്ര സഭ അനങ്ങുന്നില്ലെന്ന് മുതിർന്ന ഫലസ്തീൻ പ്രതിനിധി ചൊവ്വാഴ്ച വിമർശിച്ചു.
വടക്കൻ ഗസ്സയിൽ ആക്രമണം കടുപ്പിക്കുമെന്നും ഗസ്സ സിറ്റിയാണ് ലക്ഷ്യമെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ ബാക്കിയുള്ളവർ തെക്കൻ മേഖലയിലേക്ക് ഉടൻ മാറണമെന്നും ഇസ്രായേൽ സേന വീണ്ടും അന്ത്യശാസനം നൽകി. അതേസമയം, തെക്കൻ മേഖലകളിലും ബോംബിങ് തുടരുന്നുമുണ്ട്. ഗസ്സക്ക് മാനുഷിക സഹായം ലഭ്യമാക്കുമെന്ന വാഗ്ദാനം പാഴാവുകയാണെന്നും ട്രക്കുകൾക്ക് സഞ്ചരിക്കാൻ ഇന്ധനം ലഭിച്ചില്ലെങ്കിൽ വിതരണം നിർത്തുമെന്നും ഐക്യരാഷ്ട്ര സഭ ഏജൻസി അറിയിച്ചു.
ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രിക്കുനേരെ മുന്നറിയിപ്പില്ലാതെ ആക്രമണമുണ്ടായി. ഒട്ടേറെ രോഗികൾ അബോധാവസ്ഥയിലായതിനാൽ ഒഴിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഏറ്റവും തിരക്കേറിയ നുസൈറത് മാർക്കറ്റിലും ബോംബിങ് നടത്തി.
വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ പരിക്കേറ്റവരെ ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിൽ ചികിത്സിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വൈദ്യുതിയില്ലാെത ചികിത്സ മുടങ്ങിയും മെഡിക്കൽ സാമഗ്രികൾ ലഭിക്കാതെയും ഗസ്സയിലെ വിവിധ ആശുപത്രികളിലായി നിരവധി പേർ മരിച്ചിട്ടുണ്ട്.
തടവുകാരായി പിടിച്ച രണ്ട് ഇസ്രായേലി വനിതകളെ ഹമാസ് വിട്ടയച്ചു. റെഡ്ക്രോസിനു കൈമാറിയ ഇവരെ തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോചെവ്ദ് ലിഫ്ഷിറ്റ്സ് (85), നൂറിറ്റ് കൂപ്പർ (79) എന്നിവരെയാണ് മാനുഷിക പരിഗണനയാലെന്ന് വ്യക്തമാക്കി മോചിപ്പിച്ചത്.
ഇതിനിടെ മസ്ജിദുൽ അഖ്സയിൽ മുസ്ലിംകൾക്ക് ഇസ്രായേൽ പ്രവേശനം നിഷേധിച്ചു. എന്നാൽ, തൽസ്ഥിതി ലംഘിച്ച് ജൂതർക്ക് അൽഅഖ്സയിൽ പ്രാർഥിക്കാൻ സൗകര്യമൊരുക്കിയെന്നും ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ അറിയിച്ചു. മാസങ്ങളുടെ ഇടവേളക്കുശേഷം അൽ അഖ്സയിലെത്തിയ ഇസ്രായേൽ പൊലീസിന്റെ നടപടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.