വെസ്റ്റ് ബാങ്ക്: അമേരിക്കയുടെ എതിർപ്പ് അവഗണിച്ച് ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ കുടിയേറ്റം വ്യാപിപ്പിക്കാൻ ഇസ്രായേൽ. 4,560 വീടുകൾക്ക് അടുത്തയാഴ്ച നടക്കുന്ന സുപ്രീം പ്ലാനിങ് കൗൺസിൽ അനുമതി നൽകുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സമാധാനം സാധ്യമാക്കാൻ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതി നിർത്തിവെക്കണമെന്ന് യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. 1,332 വീടുകൾക്ക് അന്തിമ അനുമതി ലഭിക്കുമെന്നും ബാക്കി പ്രാഥമിക ക്ലിയറൻസ് നടപടി ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിൽ ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്.
7000ത്തിലേറെ ഭവന യൂനിറ്റുകൾക്കാണ് പുതിയ ഭരണകൂടം അനുമതി നൽകിയത്. ഇതിൽ അധികവും വെസ്റ്റ് ബാങ്കിലാണ്. കുടിയേറ്റം തുടരുമെന്നും മേഖലയിൽ ഇസ്രായേലിന്റെ ശക്തി വർധിപ്പിക്കുമെന്നും പ്രതിരോധത്തിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി ബെസലിസ് സ്മോട്ട്റിച് പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അനധികൃതമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളുടെയും നിലപാട്. ഫലസ്തീൻ -ഇസ്രായേൽ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഇസ്രായേൽ കുടിയേറ്റ പദ്ധതികളിലൂടെ ഫലസ്തീൻ ഭൂമി കവരുന്നതാണ്. ഫലസ്തീൻ സമാധാന ചർച്ച 2014 മുതൽ നിലച്ചിരിക്കുകയാണ്.
സംഘർഷങ്ങളുണ്ടാകുമ്പോൾ ഇടക്കിടെ ഒറ്റപ്പെട്ട ചർച്ചകൾ നടക്കാറുണ്ടെങ്കിലും അതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ല. ഇസ്രായേൽ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിൽ സംഘർഷം വ്യാപകമാണ്. 2000ത്തിനു ശേഷമുള്ള ഏറ്റവും വലിയ സംഘർഷ സാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്.
വെസ്റ്റ് ബാങ്കിൽ പരിമിതമായ സ്വയംഭരണാവകാശമുള്ള ഫലസ്തീൻ അതോറിറ്റി തിങ്കളാഴ്ച നിശ്ചയിച്ച സംയുക്ത സാമ്പത്തികസമിതി ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേൽ നടപടി അപലപിച്ച ഹമാസ് ഫലസ്തീനികൾ ഇതിനെ എല്ലാ അർഥത്തിലും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.