ന്യൂഡല്‍ഹി: അഞ്ചാം തലമുറ ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ സീ ബ്രേക്കര്‍ ഇസ്രായേല്‍ പ്രതിരോധ വകുപ്പ് പുറത്തിറക്കി. 300 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ കരയില്‍ നിന്നും കടലില്‍ കപ്പലുകളില്‍ നിന്നും തൊടുക്കാവുന്നതാണ്. റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന പ്രതിരോധ സ്ഥാപനമാണ് മിസൈല്‍ വികസിപ്പിച്ചത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഭാവിയില്‍ ഈ മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സീ ബ്രേക്കറിന് സമാനമായി ഇന്ത്യയുടെ കൈവശമുള്ള മിസൈലാണ് ബ്രഹ്‌മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്‌മോസ് വികസിപ്പിച്ചത്. ഇസ്രായേല്‍ കമ്പനിക്ക് ഇന്ത്യയില്‍ കല്യാണി എന്ന സ്വകാര്യ സ്ഥാപനവുമായി പങ്കാളിത്തമുണ്ട്. കല്യാണി റഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (കെ.ആര്‍.എ.എസ്) എന്നാണ് അറിയപ്പെടുന്നത്. ഈ സംയുക്ത സംരംഭം മാര്‍ച്ചില്‍ ഇന്ത്യന്‍ കരസേനക്കും വ്യോമസേനയ്ക്കുമായി മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ കിറ്റുകള്‍ പുറത്തിറക്കിയിരുന്നു. ഇത് കേന്ദ്ര ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി അയച്ചിരിക്കുകയാണ്.
സബ്‌സോണിക് വേഗതയിലാണ് സീ ബ്രേക്കറിന് സഞ്ചരിക്കാനാവുക. അതേസമയം, ബ്രഹ്‌മോസ് മിസൈലിന്റേത് സൂപ്പര്‍സോണിക് വേഗതയാണ്. കരയും കടലും കൂടാതെ വായുവില്‍ നിന്നും ബ്രഹ്‌മോസ് തൊടുക്കാനാകും.
സീന്‍ മാച്ചിങ് എന്ന സവിശേഷതയോടെയാണ് സീ ബ്രേക്കര്‍ നിര്‍മിച്ചിരിക്കുന്നത്. ലക്ഷ്യത്തിന്റെ ദൃശ്യങ്ങളും മുന്‍കൂട്ടി നല്‍കിയ ദൃശ്യങ്ങളും വിശകലനം ചെയ്ത് കൃത്യമായി ലക്ഷ്യത്തില്‍ ആക്രമിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇസ്രയേല്‍ വികസിപ്പിച്ച സ്‌പൈസ് 2000 ഡിജിറ്റല്‍ സീന്‍ മാച്ചിങ് ഏരിയ കോറിലേറ്റര്‍ ഉപയോഗിച്ചാണ് ഇന്ത്യ ബാലാകോട്ട് വ്യോമാക്രമണം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.