മധ്യ ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 20 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഫലസ്തീനിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. ബുധനാഴ്ച പുലർച്ച ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ർ അൽ-ബലാഹിൽ ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’ ഉൾപ്പെട്ട അഭയാർഥി ക്യാമ്പുകളിലായിരുന്നു ബോംബുവർഷം.

വ്യോമാക്രമണത്തിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ മൂന്ന് വീടുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടതായി അൽ-അഖ്‌സ ആശുപത്രി അധികൃതർ പറഞ്ഞു. മറ്റൊരു ആക്രമണത്തിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

തെക്കൻ നഗരമായ ഖാൻ യൂനുസിന് സമീപം അഭയാർഥികൾ താമസിക്കുന്ന സ്കൂൾ ആക്രമിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച പുലർച്ചയും വ്യോമാക്രമണം തുടർന്നത്. ഇതിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 31 പേരാണ് കൊല്ലപ്പെട്ടത്. 50 ലധികം പേർക്ക് പരിക്കേറ്റതായി സമീപത്തെ നാസർ ആശുപത്രി അധികൃതർ അറിയിച്ചു.

ഒമ്പത് മാസത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 38,200ലധികം പേരാണ് കൊല്ലപ്പെട്ടത്. 88,000ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനായിരങ്ങളാണ് പലായനം ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു.

ഒമ്പത് മാസത്തിനിടെ, ഇസ്രായേൽ സൈന്യം എട്ട് ആശുപത്രികളെങ്കിലും ആക്രമിച്ചു. ഇത് നിരവധി രോഗികളുടെയും മെഡിക്കൽ ജീവനക്കാരുടെയും മരണത്തിന് കാരണമായി. കെട്ടിടങ്ങളും ഉപകരണങ്ങളും നാമാവശേഷമാവുകയും ചെയ്തു. ഗസ്സയിലെ 36 ആശുപത്രികളിൽ 13 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയുടെ പ്രവർത്തനം ഭാഗികമാണെന്നും ഗസ്സയിലെ യു.എൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഖാൻ യൂനുസിലെ മൂന്ന് ആശുപത്രികളും അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - Israeli attack on central Gaza; 20 Palestinians killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.