വാഷിങ്ടൺ: ആധുനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ നാളുകളിലൂടെ കടന്നുപോകുന്ന അമേരിക്കൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായുണ്ടായ ആഘാതമാണ് ട്രംപിനുനേരെയുണ്ടായ വധശ്രമം. നവംബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ പോന്നതാണ് ഈ ആക്രമണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഓർമപ്പിശകും നാക്കുപിഴയും കാരണം ഇതിനകം സ്വന്തം പാർട്ടിയിൽനിന്നുതന്നെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന പ്രസിഡന്റ് ജോ ബൈഡനെ ട്രംപിനുനേരെയുള്ള ആക്രമണം കൂടുതൽ ദുർബലനാക്കിയേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പാണ് ട്രംപിനുനേരെ വധശ്രമമുണ്ടായത്. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനുള്ള അമേരിക്കൻ ജനതയുടെ അവകാശത്തിനുനേർക്കുള്ള ആക്രമണമാണ് വധശ്രമമെന്നും വിലയിരുത്തലുണ്ട്.
കോടതി കേസുകളും ഇംപീച്ച്മെന്റ് നടപടികളും അതിജീവിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശക്തമായി മത്സരരംഗത്തുള്ള ട്രംപിന് തന്റെ സ്ഥാനം കുടുതൽ കുരുത്തുറ്റതാക്കാൻ വധശ്രമം സഹായിച്ചേക്കും. വെടിയുണ്ട മൂളിപ്പാഞ്ഞപ്പോൾ നിലത്തേക്ക് കുനിഞ്ഞ ട്രംപ് സീക്രട്ട് സർവിസ് ഏജന്റുമാരുടെ കവചത്തിനുള്ളിൽ എഴുന്നേറ്റുനിന്ന് മുഷ്ടി ചുരുട്ടി അനുയായികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം റിപ്പബ്ലിക്കൻ അണികളെ ആവേശഭരിതരാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഈ ചിത്രവും അത് പകരുന്ന ആവേശവും എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
നിലവിൽ പ്രസിഡന്റല്ലെങ്കിലും അമേരിക്കൻ പ്രസിഡന്റ് പദവി വഹിക്കുന്നവരെയും ആ പദവിയിലേക്ക് മത്സരിക്കുന്നവരെയും കാത്തിരിക്കുന്ന ഭീഷണിയിലേക്കാണ് വധശ്രമം വിരൽ ചൂണ്ടുന്നത്. അമേരിക്കയുടെ 46ാമത് പ്രസിഡന്റാണ് ജോ ബൈഡൻ. അദ്ദേഹത്തിന്റെ നാല് മുൻഗാമികൾ അധികാരത്തിലിരിക്കെ, വധിക്കപ്പെട്ടിരുന്നു. 1963ൽ ജോൺ എഫ്. കെന്നഡിയുടെ വധമാണ് ഒടുവിലത്തേത്. 1981ൽ റൊണാൾഡ് റീഗനുനേരെ വധശ്രമമുണ്ടായശേഷം അമേരിക്കൻ പ്രസിഡന്റിനുനേരെ വധശ്രമമുണ്ടാകാത്തതിന് കാരണം സീക്രട്ട് സർവിസിന്റെ വൈദഗ്ധ്യമാണെന്ന പൊതുവിശ്വാസത്തിനുമാണ് ഇപ്പോൾ ഇടിവ് സംഭവിച്ചിരുക്കുന്നത്. ഇതിന്റെ അലയൊലികൾ വരും വർഷങ്ങളിലുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.