ചൈനീസ് വ്യാപാരിക്കായി ഇസ്രായേലിൽ ഒരുങ്ങുന്നത് 11 കോടിയുടെ സ്വർണ മാസ്ക്

ടെൽ-അവീവ്: കോവിഡ് വ്യാപനത്തിന്‍റെ കാലത്ത് മാസ്ക് ഉപയോഗം സർവസാധാരണയായിക്കഴിഞ്ഞു. ഭാവിയിലും തുടരേണ്ടിവരുമെന്നതിനാൽ പലതരത്തിലുള്ള ട്രെൻഡിങ് മാസ്കുകളും വിപണിയിലെത്തിയിട്ടുണ്ട്. എന്നാൽ, ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു മാസ്കുമായാണ് ഇസ്രായേലിലെ ജ്വല്ലറിയുടെ വരവ്. സ്വർണത്തിൽ പണിത് രത്നം പതിപ്പിക്കുന്ന മാസ്കിന് വില എത്രയാണെന്നോ, ഏകദേശം 11 കോടി രൂപ.

മാസ്ക് വാങ്ങുന്നത് ആരാണെന്ന വിവരം ജ്വല്ലറി പുറത്തുവിട്ടിട്ടില്ല. യു.എസ് കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസ് മാൻ ആണ് വാങ്ങുന്നതെന്ന് ഇവർ സൂചിപ്പിക്കുന്നു.

18 കാരറ്റ് വൈറ്റ് ഗോൾഡ് ഉപയോഗിച്ചാണ് മാസ്ക് നിർമാണം. വെളുത്തതും കറുത്തതുമായ 3600 രത്നങ്ങൾ മാസ്കിൽ പതിപ്പിക്കും. വാങ്ങുന്നയാളുടെ നിർദേശപ്രകാരം എൻ99 ഫിൽറ്ററുകളും ഇതിൽ ഉപയോഗിക്കുമെന്ന് ജ്വല്ലറി ഉടമ പറയുന്നു.

മാസ്ക് വാങ്ങുന്ന വ്യക്തി രണ്ട് നിർദേശങ്ങളാണ് മുന്നിൽവെച്ചത്. ഈ വർഷം അവസാനത്തോടെ മാസ്കിന്‍റെ പണി പൂർത്തിയാക്കണം. ഒപ്പം ലോകത്തെ ഏറ്റവും വിലയേറിയ മാസ്കും ഇതാവണം.

പണം കൊണ്ട് എല്ലാം വാങ്ങാനാവില്ല എന്ന് ഞങ്ങൾക്കറിയാമെന്ന് ജ്വല്ലറി ഉടമയായ ഐസ്സക് ലെവി പറയുന്നു. എന്നാൽ പണം ചെലവഴിച്ച് വളരെ പ്രത്യേകതയുള്ള മാസ്കിട്ട് നടന്ന് ശ്രദ്ധനേടുന്നതിൽ വാങ്ങുന്നയാൾ സന്തോഷം കണ്ടെത്തുന്നുണ്ടാവും. സ്വർണ മാസ്ക് നിർമാണം വെല്ലുവിളിയാണെന്നും ഒപ്പം സന്തോഷം നൽകുന്നതാണെന്നും ലെവി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.