തെൽഅവീവ്: ഹിസ്ബുല്ലയുടെ ആക്രമണത്തിൽ തങ്ങളുടെ അഞ്ച് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന. തെക്കൻ ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലെ അദാമിത്ത് മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ പതിച്ചാണ് അഞ്ച് പേർക്ക് നിസ്സാര പരിക്കേറ്റതെന്ന് ഐ.ഡി.എഫ് (ഇസ്രായേൽ പ്രതിരോധ സേന) എക്സിൽ അറിയിച്ചു.
ഇസ്രായേലി യുദ്ധവിമാനങ്ങൾ തെക്കൻ ലെബനനിലെ ഹിസ്ബുല്ല സൈനിക കേന്ദ്രങ്ങളും മിസൈൽ ലോഞ്ചുകളും തകർത്തതായും ഐ.ഡി.എഫ് അവകാശപ്പെട്ടു. സിറിയൻ മേഖലയിൽനിന്ന് ഇസ്രായേലിലേക്ക് അഞ്ച് മിസൈലുകൾ പതിച്ചതായും അവയുടെ വിക്ഷേപണ കേന്ദ്രങ്ങൾ കണ്ടെത്തിയതായും പോസ്റ്റിൽ പറഞ്ഞു.
അതിനിടെ, ബന്ദികളെ പുറത്തെത്തിക്കലും ഹമാസിനെ തകർക്കലും എവിടെയുമെത്താതെ തുടരുന്നതിനിടെ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ ഇസ്രായേൽ പിൻവലിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിൻവലിക്കുന്നതെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു.
വടക്കൻ ഗസ്സയുൾപ്പെടെ മേഖലകളിൽനിന്നാണ് വൻതോതിൽ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗസ്സക്കുമേൽ നാശം തുടരാനാണ് തീരുമാനം. സൈനിക നീക്കം തുടങ്ങിയശേഷം ആദ്യമായാണ് ഗസ്സയിൽനിന്ന് സൈനികരെ ഇസ്രായേൽ വൻതോതിൽ പിൻവലിക്കുന്നത്. യുദ്ധം ആരംഭിച്ചയുടൻ മൂന്നുലക്ഷം റിസർവിസ്റ്റുകളെ ഇസ്രായേൽ സൈനിക സേവനത്തിനായി വിളിച്ചിരുന്നു.
22,000 പേരെ അറുകൊല നടത്തി ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുകയാണ്. കരയാക്രമണത്തിന് ആദ്യം തുടക്കമിട്ട വടക്കൻ ഗസ്സയിൽ സൈനിക നീക്കം ഏകദേശം പൂർത്തിയായെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഹമാസുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഖാൻ യൂനുസ് അടക്കം മേഖലകളിൽ ഇപ്പോഴും രൂക്ഷ യുദ്ധം തുടരുകയാണ്. മധ്യ ഗസ്സയിലാകട്ടെ, സിവിലിയൻ കേന്ദ്രങ്ങളിൽ നിരവധി പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. 8,000 ഹമാസ് പേരാളികളെ വധിച്ചതായും ഇസ്രായേൽ അവകാശപ്പെടുന്നു.
അതിനിടെ, ഹൂതികൾക്കെതിരെ യു.എസ് നേരിട്ട് ആക്രമണം ആരംഭിച്ച ചെങ്കടലിൽ സംഘർഷം ഇരട്ടിയാക്കി ഇറാൻ യുദ്ധക്കപ്പൽ വിന്യസിച്ചു. ഇറാൻ നാവികസേനയുടെ ഭാഗമായ ഐറിസ് അൽബുർസ് കപ്പലാണ് ബാബുൽ മൻദബ് കടന്ന് ചെങ്കടലിലെത്തിയത്. ഇറാൻ സുരക്ഷാസേന മേധാവി അലി അക്ബർ അഹ്മദിയാൻ ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾക്കു പിറകെയാണ് പുതിയ നീക്കം. കഴിഞ്ഞദിവസം വാണിജ്യ കപ്പൽ ആക്രമിക്കാനെത്തിയെന്ന് കരുതുന്ന മൂന്ന് ഹൂതി ബോട്ടുകൾ യു.എസ് മുക്കിയിരുന്നു. അതിലുണ്ടായിരുന്ന മുഴുവൻപേരും കൊല്ലപ്പെടുകയും ചെയ്തു.
സിംഗപ്പൂർ പതാകയുള്ള മീർസ്ക് ഹാങ്ഷൂ കപ്പൽ റാഞ്ചാൻ ശ്രമിക്കുന്നതിനിടെ യു.എസ്.എസ് ഐസനോവറിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്ററുകൾ തിരിച്ചടിക്കുകയായിരുന്നെന്നാണ് യു.എസ് കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ട്. 10 പേർ മരിച്ചതായി ഹൂതികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനെ നേരിട്ട് സംഘർഷത്തിന്റെ ഭാഗമാക്കിയേക്കുമെന്ന സൂചന നൽകുന്ന സംഭവം മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.