അൽ അഖ്​സ പള്ളിയിൽ ഫലസ്​തീനികൾക്ക്​ നേരെ ഗ്രനേഡ്​ ആക്രമണം നടത്തുന്ന ഇസ്രായേൽ പൊലീസ് 

വെടിനിർത്തലിനു പിന്നാലെ മസ്​ജിദുൽ അഖ്​സയിൽ ഇസ്രായേൽ അക്രമം -VIDEO

ജറൂസലം: ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും ഇസ്രായേൽ അതിക്രമം. അൽ അഖ്​സ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്​കാരത്തിനും വിജയാഘോഷത്തിനും എത്തിയ ഫലസ്​തീനികൾക്ക്​ നേരെയാണ്​ ഇസ്രായേൽ പൊലീസ്​ അക്രമം അഴിച്ചുവിട്ടത്​.

20 ഓളം ഫലസ്തീനികൾക്ക്​ പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്‍റ്​ പ്രസ്​താവനയിൽ പറഞ്ഞു. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹമാസും ഇസ്രായേൽ സർക്കാരും തമ്മിലുള്ള വെടിനിർത്തലിനെ തുടർന്ന്​ ഫലസ്​തീനിൽ ഉടനീളം ആഹ്ലാദ പ്രകടനം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വിജയാഘോഷത്തിനായി സംഘടിച്ച ഫലസ്തീനികൾക്ക്​ നേരെയാണ്​ ഇസ്രായേൽ പൊലീസ്​ കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചത്​.

"മസ്​ജിദുൽ അഖ്​സയിൽ ഒത്തുകൂടിയവർ മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും വിജയം ആഘോഷിക്കുകയായിരുന്നു. ഇതി​നിടെയാണ്​ കോമ്പൗണ്ടിനടുത്തുണ്ടായിരുന്ന ഇസ്രായേൽ പൊലീസ്​ സംഘം പള്ളിവളപ്പിലേക്ക്​ കയറി ഗ്രനേഡുകളും കണ്ണീർവാതക ഷെല്ലുകളും ജനക്കൂട്ടത്തിന്​ നേരെ പ്രയോഗിച്ചത്​" -അൽ ജസീറ റിപ്പോർട്ടർ ഇമ്രാൻ ഖാൻ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ്​ ഗസ്സയിൽ ഇസ്രയേലും പലസ്തീൻ ചെറുത്ത്​ നിൽപ്​ പ്രസ്​ഥാനങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്​. ഈജിപ്താണ്​ ഇതിന്​ മധ്യസ്​തത വഹിച്ചത്​. ഇതിനുപിന്നാലെ വിജയം ആഘോഷിക്കാൻ ഗസ്സ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ള ആയിരക്കണക്കിന് ഫലസ്തീനികൾ തെരുവുകളിലേക്ക് ഒഴുകി. ഫലസ്​തീൻ, ഹമാസ്​ പതാകകളുമായി പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും ആളുകൾ പ്രകടനം നടത്തി.

11 ദിവസം നീണ്ടുനിന്ന ഇസ്രായേൽ അതിക്രമത്തിൽ 66 കുട്ടികളടക്കം 243 ഫലസ്തീനികളാണ്​ കൊല്ലപ്പെട്ടത്​. നിരവധി കെട്ടിടങ്ങളും വീടുകള​ും വിദ്യാലയങ്ങളും റോഡുകളും തകർന്ന്​ തരിപ്പണമായി. ഹമാസിന്‍റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 12 പേരാണ്​ കൊല്ലപ്പെട്ടത്​.





Tags:    
News Summary - Israeli police storm Al-Aqsa Mosque compound, fire tear gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.