ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഏഴുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ, ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ നരനായാട്ട്. ഇവിടെ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗസ്സ സിറ്റിക്ക് വടക്ക് സ്ഥിതിചെയ്യുന്ന ജബലിയ ക്യാമ്പിന് നേരെ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിലാണ് 18 പേർ മരിച്ചത്. നിരവധി വീടുകൾ ആക്രമണത്തിൽ തകർന്നു. ധാരാളം പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
ഗസ്സ മുനമ്പിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ജബലിയ ക്യാമ്പ്. 1.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ക്യാമ്പിൽ 1,16,000 രജിസ്റ്റർ ചെയ്ത അഭയാർഥികൾ താമസിക്കുന്നതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) വ്യക്തമാക്കുന്നു. ഗസ്സയ്ക്കും ഇസ്രായേലിനും ഇടയിലുള്ള എറെസ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ക്യാമ്പ് കൂടിയാണിത്.
നേരത്തെ വെസ്റ്റ്ബാങ്കിലെ തൂൽകർമിലുള്ള നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ നാലുപേരെയും തൂൽകർമ് ടൗൺ, ബുദ്രസ് ടൗൺ, ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഒരോരുത്തരെ വീതവും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.