വെസ്റ്റ് ബാങ്കിൽ ഔട്ട്പോസ്റ്റ് സ്ഥാപിച്ച് ഇസ്രായേലി കുടിയേറ്റക്കാർ

വെസ്റ്റ് ബാങ്ക്: സൈന്യത്തിന്റെ പിന്തുണയോടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ സ്വകാര്യഭൂമിയിൽ പുതിയ ഔട്ട്പോസ്റ്റ് സ്ഥാപിച്ച് ഇസ്രായേലി കുടിയേറ്റക്കാർ. റാമല്ലക്കും നബ്‍ലുസിനും ഇടയിൽ ദേശീയ പാതക്ക് സമീപം ലുബ്ബാൻ ശർഖിയ ഗ്രാമത്തിലാണ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത്.

വെസ്റ്റ് ബാങ്കിൽ 1000 പുതിയ കുടിയേറ്റ വീടുകൾ നിർമിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അംഗീകാരം നൽകിയതിനു പിറകെയാണ് നീക്കം. കഴിഞ്ഞ ദിവസം നാല് കുടിയേറ്റക്കാർ വെടിയേറ്റു മരിച്ചത് ഇതിനടുത്താണ്. ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് ഇസ്രായേലി കുടിയേറ്റക്കാർ ആക്രമിക്കപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ കുടിയേറ്റക്കാർ ആറ് താൽക്കാലിക ഭവനങ്ങൾ സ്ഥാപിച്ചു. ഇസ്രായേൽ സൈന്യം ബുൾഡോസറുകളുമായെത്തി നിലംനിരപ്പാക്കിയ ശേഷമായിരുന്നു ഭവന നിർമാണം. ആറ് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയിൽ ഇസ്രായേലി കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലേയും കൈയേറ്റ ഭൂമിയിൽ താമസിക്കുന്നു. അടുപ്പം പുലർത്തുന്ന അമേരിക്കയുടെ ഉൾപ്പെടെ എതിർപ്പ് അവഗണിച്ചാണ് ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നത്.

4,560 വീടുകൾക്ക് അടുത്തയാഴ്ച നടക്കുന്ന സുപ്രീം പ്ലാനിങ് കൗൺസിൽ അനുമതി നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഇസ്രായേലിൽ ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അനധികൃതമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളുടെയും നിലപാട്.

ഫലസ്തീൻ -ഇസ്രായേൽ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഇസ്രായേൽ കുടിയേറ്റപദ്ധതികളിലൂടെ ഫലസ്തീൻ ഭൂമി കവരുന്നതാണ്. അന്താരാഷ്ട്ര നിയമവും ഇത് അനുവദിക്കുന്നില്ല. 2000ത്തിനു ശേഷമുള്ള ഏറ്റവും വലിയ സംഘർഷ സാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്. കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിൽ സംഘർഷം പതിവാണ്.

Tags:    
News Summary - Israeli settlers establish outpost in West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.