തെൽഅവീവ്: ഇസ്രായേലിനെ ഇറാൻ ഉടൻ ആക്രമിച്ചേക്കുമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്റെ മുന്നറിയിപ്പിന് പിന്നാലെ, നെതന്യാഹുവിനെതിരെ കടുത്തത വിമർശനവുമായി മുൻ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യയിർ ലാപിഡ്. തങ്ങൾക്ക് നേരെ ബോംബ് വർഷിക്കുന്നത് അഞ്ച് ദിവസമായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബോംബിടാൻ കാത്തിരിക്കുകയാണ് നെതന്യാഹു. ആക്രമണം പ്രതിരോധിക്കാനുള്ള സംവിധാനമോ സർക്കാറോ ഇവിടെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇറാന്റെ ആക്രമണം ആസന്നമായിരിക്കെ സുഹൃദ് രാഷ്ട്രങ്ങൾ തങ്ങളുടെ ഒപ്പം നിൽക്കണമെന്ന അഭ്യർഥനയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് രംഗത്തെത്തി. ഇറ്റാലിയൻ പ്രതിരോധമന്ത്രി ഗൈഡോ ക്രോസെറ്റോയുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് ഗാലന്റിന്റെ അഭ്യർഥന. “ഇറാൻ വിഷയത്തിൽ നിങ്ങളുടെ ഐക്യദാർഢ്യത്തിനുംഉറച്ച നിലപാടിനും നന്ദി. ബന്ദികളെ തിരികെ എത്തിക്കാനുള്ള കരാറിന്റെ അടിയന്തര പ്രാധാന്യവും ചർച്ച ചെയ്തു. ഈ സമയത്ത് ഇസ്രായേലിനൊപ്പം നിൽക്കാൻ ഞങ്ങളുടെ പങ്കാളികളോട് അഭ്യർഥിക്കുന്നു” -അദ്ദേഹം പറഞ്ഞു
മേഖലയിലെ സംഘർഷാന്തരീക്ഷം കണക്കിലെടുത്ത് ലുഫ്താൻസ എയർലൈൻസ് ഇറാഖ്, ഇറാൻ വ്യോമാതിർത്തിയിലൂടെയുള്ള സർവിസ് ആഗസ്ത് ഏഴുവരെ നിർത്തിവെക്കുമെന്ന് അറിയിച്ചു. ജോർദാനിലെ അമ്മാൻ, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഏഴുവരെ നിർത്തിവയ്ക്കുമെന്നും ഇസ്രായേലിലെ തെൽഅവീവ്, ഇറാനിലെ തെഹ്‌റാൻ, ലബനാനിലെ ബയ്‌റൂത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഈ മാസം 12 വരെ നിർത്തിവയ്ക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
തങ്ങളുടെ പൗരന്മാരോട് ഇസ്രായേൽ, ലബനാൻ, ഫലസ്തീൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അയർലൻഡ് നിർദേശിച്ചു. മേഖലയിൽ വർധിച്ചുവരുന്ന അസ്ഥിരത മൂലമാണ് ഈ നിർദേശമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.