റോം: പ്രധാന സഖ്യകക്ഷികൾ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടർന്ന് ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു. ക്വിരിനാലെ കൊട്ടാരത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന യോഗത്തിൽ ഡ്രാഗി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലക്ക് രാജി സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയും ഡ്രാഗി രാജി സമർപ്പിച്ചിരുന്നു, എന്നാൽ, പ്രസിഡന്റ് രാജി സ്വീകരിച്ചിരുന്നില്ല. രാജിവെച്ചെങ്കിലും കാവൽ പ്രധാനമന്ത്രിയായി തുടരാൻ ഡ്രാഗിയോട് പ്രസിഡന്റിന്റെ ഓഫിസ് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
പാർലമെന്റിന്റെ കാലാവധി പൂർത്തിയാക്കാനും യൂറോപ്യൻ യൂനിയൻ ധനസഹായത്തോടെ നടക്കുന്ന കോവിഡ് പുനരുദ്ധാരണ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന സഖ്യകക്ഷികൾ നിരസിച്ചതോടെയാണ് ഡ്രാഗിയുടെ നേതൃത്വത്തിലുള്ള ദേശീയ ഐക്യ സർക്കാർ പ്രതിസന്ധിയിലായത്.
ഫോർസാ ഇറ്റാലിയയുടെയും ദ ലീഗിന്റെയും മധ്യ-വലതു കക്ഷികളും പോപുലിസ്റ്റ് ഫൈവ് സ്റ്റാർ മൂവ്‌മെന്റും സെനറ്റിൽ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ മാരിയോ ഡ്രാഗിയുടെ 17 മാസം നീണ്ടുനിന്ന ഭരണത്തിനാണ് അന്ത്യമാവുന്നത്. ''ഈ കാലയളവിൽ ഒരുമിച്ച് ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി'' എന്ന് പ്രസിഡന്റ് സെർജിയോ മാറ്ററെല്ലക്ക് രാജി സമർപ്പിക്കുന്നതിനുമുമ്പ് ഡ്രാഗി ലോവർ ചേംബർ ഓഫ് ഡെപ്യൂട്ടീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.