ഗസ്സ: അൽഅഹ്ലി ആശുപത്രി ആക്രമണത്തിനു ശേഷമുണ്ടായ വീണ്ടുമൊരു മനുഷ്യത്വഹീന ബോംബിങ്ങിൽ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയ തകർത്ത് നൂറിലേറെ ഫലസ്തീനികളെ കൊന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ ജബലിയ ക്യാമ്പിലെ ആശുപത്രിക്കു സമീപത്തെ അപ്പാർട്മെന്റുകൾക്കു മേലാണ് ചൊവ്വാഴ്ച വൈകീട്ട് ഒരു ടൺ വീതമുള്ള ആറ് യു.എസ് നിർമിത ബോംബുകൾ വർഷിച്ചത്. മരണം നാനൂറിലേറെയാണെന്ന് ഖുദ്സ് ന്യൂസ് നെറ്റ്വർക് പറയുന്നു.
ഇതിനിടെ, വ്യോമാക്രമണത്തിലൂടെ എല്ലാം തകർത്തുകളഞ്ഞ ഗസ്സയുടെ ഉൾമേഖലയിലേക്ക് കടന്നുകയറിത്തുടങ്ങി ഇസ്രായേൽ സേന (ഐ.ഡി.എഫ്). ടാങ്കുകളും സായുധ ബുൾഡോസറുകളുമടങ്ങുന്ന ഐ.ഡി.എഫ് സംഘം, തകർന്നടിഞ്ഞ ഗസ്സ തെരുവുകളിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗസ്സ സിറ്റിയിലേക്കാണ് നീക്കം. എന്നാൽ, ചിലയിടങ്ങളിൽ ഇസ്രായേൽ സേനയെ അധിനിവേശവിരുദ്ധ പോരാളികൾ നേരിട്ടതായും സൈനികരെയും ടാങ്കുകളെയും ഇല്ലാതാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയ കഴിഞ്ഞ് ഗസ്സ സിറ്റിയിലാണ് ഇസ്രായേൽ സേനയിപ്പോൾ ഉള്ളതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. പോരാളികളും ഐ.ഡി.എഫും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ ഗസ്സയിലേക്ക് നീങ്ങിയ ഇസ്രായേൽ സേനയെ ആക്രമിച്ച് സൈനികനെ കൊലപ്പെടുത്തിയതായി ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. സൈനിക വാഹനങ്ങൾ തകർത്തതായും അവകാശപ്പെട്ടു. സെയ്ത്തൂൻ മേഖലയിൽ മിസൈൽ പതിച്ച് ഇസ്രായേൽ ടാങ്ക് നശിച്ചു. ബെയ്ത് ഹനൂനിൽ ഒരു കെട്ടിടത്തിൽ ഇസ്രായേൽ സേനയെ തകർത്തതായി ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. കരയാക്രമണം തുടരുന്ന ഗസ്സയിൽ ഹമാസുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായും അവർ ടാങ്ക് വേധ മിസൈലുകളും യന്ത്രത്തോക്കുകളും ഉപയോഗിക്കുന്നുണ്ടെന്നും ഐ.ഡി.എഫ് പറയുന്നു. ഇതിനിടെ, ഇസ്രായേലിനുനേരെ വ്യാപകമായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ദക്ഷിണ ഇസ്രായേൽ തുറമുഖമായ എയ്ലാതിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. നാശനഷ്ടം ഉണ്ടായതായി അറിവായിട്ടില്ല. ഹൂതി സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തുറമുഖനഗരമായ എയ്ലാതിനുനേരെ വന്ന ഡ്രോൺ വെടിവെച്ചു വീഴ്ത്തിയതായി ഇസ്രായേൽ വൃത്തങ്ങൾ പറഞ്ഞു. ചെങ്കടൽ മേഖലയിൽനിന്നു വന്ന മിസൈലുകൾ തടഞ്ഞതായും ഇസ്രായേൽ സേന അറിയിച്ചു. ഭൂതല മിസൈലാണ് മിസൈൽ വേധ സംവിധാനം ഉപയോഗിച്ച് നിർവീര്യമാക്കിയത്.
ഗസ്സക്കുമേൽ ഒക്ടോബർ ഏഴു മുതൽ നിർബാധം തുടരുന്ന വ്യോമാക്രമണത്തിൽ ചൊവ്വാഴ്ചയും ഒട്ടേറെ പേർ കൊല്ലപ്പെട്ടു. 300 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു. 8625 ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മാത്രം മരണം 300 കവിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.