റഷ്യയിലേക്ക് രാസായുധ ചരക്ക് കയറ്റുമതി നിരോധിച്ച് ജപ്പാൻ

ടോക്യോ: റഷ്യയിലേക്കുള്ള രാസായുധങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി ജപ്പാൻ. യുക്രെയ്നിനെതിരായ റഷ്യയുടെ ആണവായുധ ഭീഷണിയുടെ സാഹചര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചാണ് ജപ്പാന്റെ നടപടി.

സയൻസ് ലബോറട്ടറികൾ ഉൾപ്പെടെ 21 റഷ്യൻ സ്ഥാപനങ്ങളിലേക്കുള്ള വസ്തുക്കളുടെ കയറ്റുമതി തിങ്കളാഴ്ചയാണ് ജപ്പാൻ സർക്കാർ നിരോധിച്ചത്. കഴിഞ്ഞയാഴ്ച ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ തീരുമാനത്തെ പിൻപറ്റിയാണ് നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.

അതിനിടെ ആണവ വികിരണ ഭീഷണിയുയർത്തുന്ന സപോറിഷ്യ ആണവനിലയത്തിന് സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യുക്രെയ്നും റഷ്യയുമായി ഈ ആഴ്ച ചർച്ച നടത്താൻ ഒരുക്കമാണെന്ന് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി പറഞ്ഞു.

യുക്രെയ്നിൽ റഷ്യൻ ഹിതപരിശോധന നടക്കുന്നതിനിടെ ഒഡെസ മേഖലയിലേക്ക് റഷ്യൻ സൈന്യം അയച്ച രണ്ട് ഡ്രോണുകൾ സൈനിക കേന്ദ്രങ്ങളിൽ സ്ഫോടനത്തിനിടയാക്കിയതായി യുക്രെയ്നിന്റെ തെക്കൻ കമാൻഡ് പറഞ്ഞു. തിരിച്ചുപിടിച്ച വടക്കുകിഴക്കൻ പട്ടണമായ ഇസിയത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ അടങ്ങിയ രണ്ട് കൂട്ടക്കുഴിമാടങ്ങൾ കൂടി കണ്ടെത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.

ദഗസ്താനിൽ പ്രതിഷേധം: 100 പേർ തടവിൽ

മോസ്കോ: യുക്രെയ്നിലേക്ക് റിസർവ് സൈന്യത്തെ അണിനിരത്താൻ ആളെച്ചേർക്കുന്നതിനെതിരെ റഷ്യയിലെ ദഗസ്താൻ മേഖലയിൽ പ്രതിഷേധിച്ച 100 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്ത് ഇതുവരെ 2000ത്തിലധികം ആളുകളെ തടവിലാക്കിയതായാണ് ആരോപണം. മഖച്ച്കലയിൽ 100 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Japan bans export of chemical weapons goods to Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.