ലബനാനിൽ പൊട്ടിത്തെറിച്ച വാക്കി ടോക്കി നിർമിച്ചതാര്? ലോഗോ ജപ്പാൻ കമ്പനിയു​ടേത്, 10 വർഷം മുമ്പ് നിർമാണം നിർത്തിയെന്ന് കമ്പനി

ടോക്യോ: ലബനാനിൽ ഇന്നലെ വ്യാപകമായി പൊട്ടിത്തെറിച്ച വാക്കി-ടോക്കികൾ ആര് നിർമിച്ചതാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ആക്രമണത്തിന് ഉപയോഗിച്ച വാക്കി-ടോക്കികളിൽ ’ഐകോം’ എന്ന ജാപ്പനീസ് കമ്പനിയുടെ ലോഗോ ആണുള്ളത്. IC-V82 എന്ന മോഡലിന്റെ ലേബലാണ് ഇവയിലുള്ളത്. തങ്ങളുടെ വാക്കി-ടോക്കികൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ അന്വേഷിക്കുകയാണെന്നും ഉൽപാദനം നിർത്തിയതിനാൽ നിലവിൽ പ്രചാരത്തിലുള്ളവ വ്യാജമായിരിക്കാമെന്നും കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

ഇത്തരം മോഡലുകളുടെ നിർമാണം തങ്ങൾ 10 വർഷം മുമ്പ് നിർത്തിയതാണെന്ന് കമ്പനി അറിയിച്ചു. ‘2004 മുതൽ 2014 ഒക്‌ടോബർ വരെ ഉൽപ്പാദിപ്പിച്ച് മിഡിൽ ഈസ്റ്റിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്ത ഹാൻഡ്‌ഹെൽഡ് റേഡിയോയാണ് IC-V82. ഏകദേശം 10 വർഷം മുമ്പ് ഉൽപാദനം നിർത്തലാക്കി. അതിനുശേഷം ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഇത് കയറ്റുമതി ചെയ്തിട്ടില്ല” -ഐകോം പ്രസ്താവനയിൽ പറഞ്ഞു.

"ഇവക്ക് ആവശ്യമായ ബാറ്ററികളുടെ ഉൽപാദനവും നിർത്തലാക്കിയിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങൾ വേർതിരിച്ചറിയാൻ ഹോളോഗ്രാം സീൽ ഘടിപ്പിച്ചിരുന്നില്ല. അതിനാൽ ഉൽപ്പന്നം ഞങ്ങളുടെ കമ്പനിയിൽനിന്ന് കയറ്റി അയച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയില്ല" -പ്രസ്താവനയിൽ പറഞ്ഞു.

മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3,000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചൊവ്വാഴ്ചത്തെ ആക്രമണത്തിന് പിന്നാലെയാണ് ഇന്നലെ വാക്കി-ടോക്കികൾ ഒരേസമയം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ 20 പേർ കൊല്ലപ്പെടുകയും 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലബനാൻ തലസ്ഥാനമായ ബൈറൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് ഹി​സ്ബു​ല്ല ആ​ശ​യ​ വി​നി​മ​യ​ത്തി​നുപ​യോ​ഗി​ക്കു​ന്ന ‘പേ​ജ​റു’​ക​ൾ വ്യാ​പ​ക​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇസ്രായേൽ ഹാക്ക് ചെയ്യാനും നിൽക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാൽ മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് തായ്‍വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽനിന്ന് പേജറുകൾ വാങ്ങി ഹിസ്ബുല്ല അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാൻഡ് നെയിമിൽ ഹംഗറിയിലെ ബി.എ.സി കൺസൽട്ടിങ് എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്ന് തായ്‍വാൻ കമ്പനി പ്രതികരിച്ചു. പൊട്ടിത്തെറിച്ച പേജറുകളിൽ നിർമാണ ഘട്ടത്തിൽതന്നെ മൂന്ന് ഗ്രാം സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നിൽ ചുരുങ്ങിയത് മൂന്നുമാസ​ത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Japanese firm investigating whether its models were used in walkie-talkie explosions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.