ടോക്യോ: ജപ്പാനിൽ ജനരോഷം കടുത്തതോടെ പടിയിറക്കം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഫുമിയോ കിഷിദ. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃസ്ഥാനത്തേക്ക് സെപ്റ്റംബറിൽ നടക്കുന്ന മത്സരത്തിൽ താൻ പങ്കെടുക്കില്ലെന്ന് 67കാരനായ പ്രധാനമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2021 ഒക്ടോബറിൽ അധികാരമേറിയ കിഷിദക്കുമേൽ രാജി സമ്മർദം ശക്തമാണ്. രാഷ്ട്രീയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പാർട്ടിയെ വലക്കുന്ന അഴിമതി ആരോപണം ജനപ്രീതി കുത്തനെ ഇടിച്ചിരുന്നു.
ജീവിതച്ചെലവുകൾ കുത്തനെ ഉയരുകയും യെന്നിന്റെ മൂല്യം ഇടിയുകയും ചെയ്തതും വില്ലനായി. 1955 മുതൽ ചെറിയ ഇടവേള മാറ്റിനിർത്തിയാൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിതന്നെയാണ് ഭരണകക്ഷി. കിഷിദയെ മുന്നിൽവെച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഭരണമാറ്റ സൂചന വന്നതോടെയാണ് പാർട്ടിക്കകത്തുനിന്ന് രാജിക്ക് സമ്മർദം ശക്തമായത്. നേരത്തേ ഫണ്ട് പിരിവ് വിവാദത്തിൽ തന്റെ മന്ത്രിസഭയിലെ നാലുപേർ രാജിവെച്ചിരുന്നു. അഞ്ച് സീനിയർ ഉപമന്ത്രിമാർ, പാർലമെന്ററി ഉപമന്ത്രി എന്നിവരും രാജി നൽകി. പാർട്ടിയുടെ പേരിൽ പിരിച്ചെടുത്ത ദശലക്ഷക്കണക്കിന് യെൻ രേഖയിൽ വരാത്തത് വാർത്തയാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.