റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ല; ഉപരോധം കടുപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: യുക്രെയ്ൻ അധിനിവേശം ആരംഭിച്ച റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാലു റഷ്യൻ ബാങ്കുകളെ കൂടി ഉപരോധത്തിൽ ഉൾപ്പെടുത്തി. അമേരിക്കയിലുള്ള റഷ്യയുടെ എല്ലാ സമ്പത്തും മരവിപ്പിക്കും. എന്നാൽ, റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷമുള്ള തൻെറ ആദ്യ പ്രതികരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ രൂക്ഷ വിമർശനമാണ് ജോ ബൈഡൻ നടത്തിയത്. പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിൻെറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡൻ പറഞ്ഞു.  പുടിനുമായി സംസാരിക്കുന്നത് ആലോചിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പേ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ബൈഡൻ കുറ്റപ്പെടുത്തി.

നാറ്റോ അംഗരാജ്യങ്ങളെ സഹായിക്കും. ഈ സാഹചര്യത്തിൽ എണ്ണ കമ്പനികൾ വിലകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, റഷ്യൻ സൈന്യം ചെർണോബിൽ ആണവ റിയാക്ടർ ഉൾപ്പെടുന്ന മേഖല പിടിച്ചെടുത്തു. റഷ്യൻ സൈന്യം എത്തിയെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ​ചെർണോബിലും വീണുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബെലറൂസ് വഴിയാണ് സൈന്യം ചെർണോബിലിലെത്തിയത്. ആണവ ദുരന്തത്തെ തുടർന്ന് 1986 മുതൽ ഈ നിലയം പ്രവർത്തനരഹിതാണ്. നിലയം സൈന്യം തകർക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പുടിനോട് മോദി അഭ്യർഥിച്ചു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു. യുക്രെയ്നിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.


പ്രശ്നത്തിൽ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡറാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്കരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കാണ് ഇന്ത്യ തുടക്കംകുറിച്ചിരിക്കുന്നത്. പോളണ്ട്, റൊമേ​നിയ, സ്ലോവേക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വഴിയാവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക.

Tags:    
News Summary - joe baiden comment about Russian invasion in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.