ന്യൂഡൽഹി: ജോർജ് സോറോസിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം നൽകാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ പരസ്യമായി വിമർശിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. സോറോസിന് അവാർഡ് നൽകുന്നതിനെ പരിഹാസ്യമെന്നാണ് മസ്ക് വിശേഷിപ്പിച്ചത്.
19 പേർക്ക് പുരസ്കാരം നൽകാനായിരുന്നു ബൈഡൻ തീരുമാനിച്ചത്. രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, കായികരംഗം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പുരസ്കാരം നൽകാനാണ് തീരുമാനിച്ചത്. ശതകോടീശ്വരനായ നിക്ഷേപകൻ സോറോസ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവയെ ശക്തിപ്പെടുത്തുന്നതിൽ സോറോസും ഫൗണ്ടേഷനും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വൈറ്റ്ഹൗസ് വിലയിരുത്തൽ. ഇവരെ കൂടാതെ മറ്റ് പ്രമുഖരും പുരസ്കാരപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഹിലരി ക്ലിൻ, ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി, നടൻ മൈക്കൾ ജെ ഫോക്സ്, ഡെൻസെൽ വാഷിങ്ടൺ എന്നിവരാണ് പുരസ്കാര പട്ടികയിൽ ഇടംപിടിച്ച മറ്റ് പ്രമുഖർ. ജോർജ് സോറോസിന് വേണ്ടി മകൻ അലക്സ് സോറോസാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സോറോസിന് പുരസ്കാരം നൽകിയതിൽ സമ്മിശ്ര പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇലോൺ മസ്കിന്റേയും റിപബ്ലിക്കൻ പാർട്ടി അംഗങ്ങളുടേയും വിമർശകനാണ് സോറോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.