വാഷിങ്ടൺ: വാരാന്ത്യ അവധിക്കായി യു.എസ് കോൺഗ്രസ് പിരിഞ്ഞെങ്കിലും കടപരിധി സംബന്ധിച്ച് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറും റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയുമായി നടത്തിയ ചർച്ചകളിൽ പുരോഗതി കൈവരിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ബാധ്യതകൾ നിറവേറ്റുന്നതിന് രണ്ടു വർഷത്തേക്ക് സർക്കാറിന്റെ കടമെടുക്കൽ പരിധി ഉയർത്തുന്നത് സംബന്ധിച്ച കരാറിലെത്തുകയാണ് ചർച്ചകളുടെ ലക്ഷ്യം.
വായ്പാ തിരിച്ചടവിനുള്ള അവസാന ദിവസമായ ജൂൺ ഒന്നിനകം കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ആഗോള തലത്തിൽതന്നെ പ്രത്യാഘാതമുണ്ടാകും. മക്കാർത്തിയുമായി ക്രിയാത്മകമായ നിരവധി ചർച്ചകൾ നടത്തിയതായി ബൈഡൻ പറഞ്ഞു. കടപരിധി സംബന്ധിച്ച കരാറിലെത്താൻ സാധിച്ചാൽ ഇരുപക്ഷത്തിനും വിജയം അവകാശപ്പെടാൻ സാധിക്കും. പണം ചെലവഴിക്കുന്നതിൽ കുറവ് വരുത്തണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെടുന്നത്. അതേസമയം, നിർണായകമായ ആഭ്യന്തര പദ്ധതികൾ സംരക്ഷിക്കണമെന്ന് ഡെമോക്രാറ്റുകളും ആവശ്യപ്പെടുന്നു.
സർക്കാറിന് എത്ര പണം കടമെടുക്കാമെന്ന് കോൺഗ്രസ് നിശ്ചയിച്ചിരിക്കുന്ന ചെലവുപരിധിയാണ് കടപരിധി. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും വിയോജിപ്പുള്ള വിഷയമാണ് ഇത്. ഇതുവരെ ധാരണയിലെത്താൻ സാധിക്കാത്തതിനാൽ, ജൂൺ ഒന്നോടെ എല്ലാ ബില്ലുകളും അടക്കാൻ മതിയായ പണമുണ്ടാകില്ലെന്ന് ട്രഷറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.