വാഷിങ്ടൺ: ജോ ബൈഡൻെറ യു.എസ് തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചിള്ള വാർത്തകൾ വന്നതിന് പിന്നാലെ ലോകരാജ്യങ്ങൾ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 77കാരനായ ഡെമോക്രാറ്റിക് സ്ഥാനാർഥി 270 എന്ന മാന്ത്രിക സംഖ്യ നേടിയതോടെയാണ് വിജയത്തോടടുത്തത്. ട്രംപിൻെറ തോൽവി പുതിയൊരു അമേരിക്കയെ സൃഷ്ടിക്കുമെന്നാണ് ചില രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചത്. ബൈഡൻെറ വിജയത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതികരണമറിയാം.
കാനഡ
ഇരു രാജ്യങ്ങളും സുഹൃത്തുക്കളാണെന്നും ബൈഡനും കമലഹാരിസിനുമൊപ്പം നല്ല പ്രവർത്തനം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നതെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇരുവരുടെയും വിജയത്തിൽ അദ്ദേഹം ആശംസകൾ അർപ്പിക്കുകയും ചെയ്തു.
യു.കെ
കാലാവസ്ഥമാറ്റം, വ്യാപാരം, സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാനാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മതിലുകൾക്ക് പകരം പാലങ്ങൾ നിർമിക്കേണ്ട കാലമാണ് വരുന്നതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാനും വ്യക്തമാക്കി.
പാകിസ്താൻ
അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പുതിയ യു.എസ് ഭരണാധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. നികുതി സമ്പ്രദായങ്ങളിലെ മാറ്റങ്ങൾക്കായും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ
വിനാശകരമായ യു.എസിൻെറ നയത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷ ഇറാൻ വൈസ് പ്രസിഡൻറ് ഇഷാഖ് ജഹാങ്കരി പ്രകടിപ്പിച്ചു. യു.എസിൻെറ നയങ്ങളിൽ വ്യതിയാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്താഷ്ട്ര നിയമങ്ങളേയും കരാറുകളേയും അവർ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാൻ വൈസ് പ്രസിഡൻറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രാൻസ്
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങൾ, ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ പറഞ്ഞു. അമേരിക്കക്ക് വീണ്ടും സ്വാഗതമെന്നായിരുന്നു പാരീസ് മേയർഅന്ന ഹിഡാൽഗോയുടെ പ്രതികരണം.
ഫലസ്തീൻ
ലോകത്തിന് വീണ്ടും ശ്വസിക്കാൻ കഴിയണമെന്നായിരുന്നു ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അംഗവും നേതാവുമായ ഹനാൻ അശ്ഹരാവിയുടെ ട്വീറ്റ്. ട്രംപിൻെറ നയങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് അതിന് പകരം മനുഷത്വവും നിയമപരവുമായ കാര്യങ്ങൾ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജർമ്മനി
ബൈഡനേയും കമലയേയും അഭിനന്ദിക്കുകയാണെന്ന് ജർമ്മൻ ചാൻസലർ അംഗല മെർക്കൽ വ്യക്തമാക്കി. ഈ സമയത്തെ വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്നും പറഞ്ഞു.
ഇറാഖ്
ജോ ബൈഡൻ വിശ്വസ്ത സുഹൃത്തായിരിക്കുമെന്ന് ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ് പറഞ്ഞു.മിഡിൽ ഈസ്റ്റിൽ സമാധാനവും സുസ്ഥിരതയും കൊണ്ടു വരുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും. അതാണ് ഇരുരാജ്യങ്ങളുടെയും പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുറോപ്യൻ യൂണിയൻ
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയം വൈസ് പ്രസിഡൻറ് കമലഹാരിസിനേയും അഭിനന്ദിക്കുന്നു. എക്കാലവും നല്ല സുഹൃത്ത് ബന്ധം യുറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്നുവെന്ന് യുറോപ്യൻ യൂണിയൻ പ്രതികരിച്ചു.
നാറ്റോ
നാറ്റോ സഖ്യത്തെ ശക്തമായി പിന്തുണക്കുന്നയാളാണ് ബൈഡനെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് പറഞ്ഞു. ശക്തമായ നാറ്റോ സഖ്യം വടക്കേ അമേരിക്കക്കും യുറോപ്പിനും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.