കാൻബെറ/സായ്പാൻ: ജയിൽമോചിതനായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ആസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ മടങ്ങിയെത്തി. യു.എസ് പസഫിക് പ്രദേശമായ സായ്പാനിലെ കോടതിയിൽ വിചാരണക്ക് ഹാജരായ ശേഷമായിരുന്നു ജന്മനാട്ടിലേക്കുള്ള മടക്കം. അതി രഹസ്യ സ്വഭാവമുള്ള അമേരിക്കയുടെ പ്രതിരോധ രേഖകൾ പുറത്തുവിടാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിക്കാൻ തയാറായതോടെയാണ് ജയിൽമോചനം സാധ്യമായത്.
ആസ്ട്രേലിയക്ക് അടുത്തുള്ള സായ്പാൻ ദ്വീപിലെ കോടതിയിലെത്തിയ അസാൻജ് കുറ്റസമ്മതം നടത്തി. ജയിൽമോചന വ്യവസ്ഥകളും അംഗീകരിച്ചു. ജഡ്ജി റമോണ മംഗ്ലോണയുടെ ജില്ല കോടതിയിലായിരുന്നു വിചാരണ. ‘അടുത്തയാഴ്ച നിങ്ങളുടെ ജന്മദിനമാണെന്ന് അറിയാം. നിങ്ങളുടെ പുതിയ ജീവിതം നല്ല രീതിയിൽ തുടരണമെന്ന് ആശംസിക്കുന്നു’ -വിചാരണക്കിടെ ജഡ്ജി പറഞ്ഞു.
2019ൽ അറസ്റ്റിലായ 52കാരനായ അസാൻജ് ഇംഗ്ലണ്ടിലെ അതിസുരക്ഷയുള്ള ബെൽമാർഷ് ജയിലിലായിരുന്നു. ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാൽ ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാൻജും യു.എസും തമ്മിലുള്ള ധാരണ. 175 വർഷം വരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളാണ് അമേരിക്ക അസാൻജിനെതിരെ ചുമത്തിയത്. എന്നാൽ, ധാരണ പ്രകാരം ഈ ശിക്ഷകൾ ഒഴിവാക്കി. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാൻജ് വിക്കിലീക്സിന് നൽകിയ രേഖകൾ നശിപ്പിക്കണമെന്നാണ് വ്യവസ്ഥ.
2010ലാണ് അമേരിക്കയെ ഞെട്ടിച്ച് നിരവധി രഹസ്യ രേഖകൾ അസാൻജ് വിക്കിലീക്സിലൂടെ പുറത്തുവിട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവിൽ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അസാൻജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.