കാൻബറ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ചാരവൃത്തിക്കേസിൽ യു.എസ് കോടതിയിൽ ഹാജരായി. യു.എസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് 53കാരനായ അസാൻജ് കോടതിയിൽ ഹാജരായത്. ശാന്തസമുദ്രത്തിലെ സായ്പാൻ ദ്വീപിലെ കോടതിയിലെത്തിയ അസാൻജ് തനിക്ക് മേൽ ചുമത്തിയ കുറ്റമേൽക്കുകയായിരുന്നു.
യു.എസിലേക്ക് നേരിട്ടെത്തില്ലെന്ന് അസാൻജ് അറിയിച്ചിരുന്നു. ഇതോടെയാണ്, യു.എസിന്‍റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനിൽ അസാൻജിന് ഹാജരാകാൻ അവസരമൊരുങ്ങിയത്. അസാൻജിന്‍റെ രാജ്യമായ ആസ്ട്രേലിയക്ക് സമീപമാണ് സായ്പാൻ.
ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാൽ ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാൻജും യു.എസും തമ്മിലുള്ള ധാരണ. 175 വർഷംവരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളായിരുന്നു അമേരിക്ക അസാൻജിനെതിരെ ചുമത്തിയത്. എന്നാൽ, ധാരണ പ്രകാരം ഈ ശിക്ഷകൾ ഒഴിവാക്കി. വിചാരണയും ഒഴിവാക്കി. മറ്റ് ആരോപണങ്ങളും നേരിടേണ്ടിവരില്ല. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാൻജ് വിക്കിലീക്സിന് നൽകിയ രേഖകൾ നശിപ്പിക്കണം. അഞ്ച് വർഷവും രണ്ട് മാസവും തടവാണ് അസാൻജിന് കോടതി വിധിക്കുക. ബ്രിട്ടനിലെ ജയിലിൽ ഇത്രയും കാലം അസാൻഡ് തടവ് പൂർത്തിയാക്കിയിട്ടുണ്ട്.
ജഡ്ജി റമോണ മംഗ്ലോണയുടെ ജില്ല കോടതിയിലാണ് അസാൻജ് ഹാജരായത്. തുടർന്ന് ജഡ്ജിക്ക് മുന്നിൽ കുറ്റമേൽക്കുകയായിരുന്നു. വരുന്ന ജൂലൈ മൂന്നിന് അസാൻജിന്‍റെ ജന്മദിനമാണ്. 'അടുത്തയാഴ്ച നിങ്ങളുടെ ജന്മദിനമാണെന്ന് അറിയാം. നിങ്ങളുടെ പുതിയ ജീവിതം നല്ല രീതിയിൽ തുടരണമെന്ന് ആശംസിക്കുന്നു' -ജഡ്ജി പറഞ്ഞു.
2010ലാണ് അമേരിക്കയെ ഞെട്ടിച്ച് നിരവധി രഹസ്യ രേഖകൾ അസാൻജ് വിക്കിലീക്സിലൂടെ പുറത്തുവിട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവിൽ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അസാൻജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ അമേരിക്കൻ എംബസികൾ നടത്തിയ ചാരപ്രവർത്തനങ്ങളും എംബസി ഉദ്യോഗസ്ഥർ സമർപ്പിച്ച രേഖകളും വിക്കിലീക്സിലൂടെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.