ജനീവ: ലോകത്തിലെ വാക്സിൻ വിതരണത്തിലെ അസമത്വത്തിൽ അപലപിച്ച് ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങൾ തങ്ങളുടെ പൗരൻമാർക്ക് വാക്സിൻ നൽകി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുന്നു. എന്നാൽ ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ഇതിൽ അപലപിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ആഫ്രിക്കയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ജീവൻ നഷ്ടമാകുന്നവരുടെ എണ്ണവും മുൻ ആഴ്ചയെ അപേക്ഷിച്ച് ഇൗ ആഴ്ചയിൽ 40 ശതമാനം കൂടി. ഡെൽറ്റ വൈറസ് ആഗോള തലത്തിൽ പടർന്നുപിടിക്കുന്നത് വളരെയധികം അപകടകാരിയാണ് -ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള സമൂഹം എന്നനിലയിൽ സമ്മുടെ സമൂഹം പരാജയപ്പെടുകയാണെന്നും വാർത്താസമ്മേളത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്സിൻ പങ്കിടാൻ വിമുഖത കാട്ടിയ രാജ്യങ്ങളെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. ആഫ്രിക്കൻ രാജ്യങ്ങൾക്ക് സങ്കീർണമായ ചികിത്സകൾ നൽകാൻ സാധിക്കില്ലെന്ന് ചിലർ വിമർശിച്ചപ്പോൾ എച്ച്.ഐ.വി/എയ്ഡ്സ് പ്രതിസന്ധിയുമായി അദ്ദേഹം താരതമ്യപ്പെടുത്തി.
ഇൗ മനോഭാവം പഴയതാണെന്ന് ഞാൻ ഒാർമിപ്പിക്കുന്നു. ഇപ്പോൾ നിലനിൽക്കുന്നത് വിതരണത്തിെൻറ പ്രശ്നമാണ്, അതിനാൽ അവർക്ക് വാക്സിൻ നൽകൂ -അദാനോം പറഞ്ഞു.
പോളിയോ, കോളറ തുടങ്ങിയവയിൽ ചില രാജ്യങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ വികസിത രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ടതായിരുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ വിദഗ്ധരിൽ ഒരാളായ മൈക്ക് റയാൻ പറഞ്ഞു. ഇൗ മഹാമാരി സമയത്തും ഞങ്ങൾ നിങ്ങൾക്ക് വാക്സിൻ നൽകില്ല, കാരണം നിങ്ങൾ അവ പാഴാക്കുമോയെന്ന് ഭയപ്പെടുന്നുവെന്ന കൊളോണിയൽ മനോഭാവം ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 'കോവാക്സ്' ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങൾക്ക് 90 മില്ല്യൺ വാക്സിൻ ഡോസുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ, വാക്സിൻ നിർമാതാക്കളായ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിവെച്ചതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.