വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ചികിത്സയുടെ ഭാഗമായി അനസ്തേഷ്യക്ക് വിധേയമായതിനെ തുടർന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് അധികാരം കൈമാറി. ഇതോടെ ആദ്യമായി യു.എസ് പ്രസിഡന്‍റ് പദം അലങ്കരിച്ച ആദ്യ വനിതയായി കമല ഹാരിസ്.
ഒരു മണിക്കൂറും 25 മിനിറ്റുമാണ് കമല ഹാരിസ് പ്രസിഡന്‍റ് പദം അലങ്കരിച്ചത്. രാവിലെ 10.10ഓടെ ബൈഡൻ കമല ഹാരിസിന് സ്ഥാനം കൈമാറി. രാവിലെ 11.35ഓടെ കമല ഹാരിസിനോടും ജെൻ സാക്കിയോടും ആശയവിനിമയം നടത്തിയതിന് ശേഷം ബൈഡൻ തന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തതായും വൈറ്റ് ഹൗസ് അറിയിച്ചു.
വാഷിങ്ടൺ നഗരത്തിന് പുറത്തുള്ള വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്‍ററിലായിരുന്നു ബൈഡന്‍റെ കൊളെനോസ്കോപി പരിശോധന. കുടൽ സംബന്ധമായ പരിശോധനയാണിത്. കൊെളനോസ്കോപിക്കായി ബൈഡന് അനസ്ത്യേഷ നൽകുന്നതിനെ തുടർന്നാണ് താൽകാലികമായി പ്രസിഡന്‍റ് ചുമതല വെള്ളിയാഴ്ച കമല ഹാരിസിന് കൈമാറിയതെന്ന് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു.
അമേരിക്കൻ വൈസ് പ്രസിഡന്‍റായതുമുതൽ ചരിത്രം കുറിക്കുന്ന വ്യക്തിയാണ് കമല ഹാരിസ്. ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റാണ് കമല. കൂടാതെ വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഇന്ത്യൻ വംശജയും കമലയാണ്. ചുരുങ്ങിയ കാലത്തിനിടയിൽ കമലയുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്‍റാണ് േജാ ബൈഡൻ. പ്രസിഡന്‍റിന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
നേരത്തേ മുൻ പ്രസിഡന്‍റ് ജോർജ് ബുഷിന്‍റെ സമയത്തും അധികാരം വൈസ് പ്രഡിഡന്‍റിന് കൈമാറിയിരുന്നു. 2002 -2007 കാലയളവിലായിരുന്നു ഇത്. ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്നതിനാലാണ് ഈ ഹൃസ്വകാല അധികാര കൈമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.