വാഷിങ്ടൺ/ലണ്ടൻ/കാൻബറ: ബ്രിട്ടനുപിന്നാലെ യു.എസിലും ആസ്ട്രേലിയയിലും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണവും റാലിയും. യു.എസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെയാണ് ആക്രമണമുണ്ടായത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി താൽക്കാലിക ബാരിക്കേഡുകൾ തകർത്ത് വളപ്പിൽ കയറിയ സംഘം രണ്ട് ഖലിസ്ഥാൻ പതാകകൾ നാട്ടുകയും ചെയ്തു. വാതിലുകളിലും ജനലുകളിലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ആസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ അനുകൂലികൾ പാർലമെന്റിനുപുറത്ത് പ്രതിഷേധിച്ചത്. ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനിൽ അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാക താഴ്ത്തിക്കെട്ടിയിരുന്നു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ഒരാളെ അറസ്റ്റ് ചെയ്തതായും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് ഹൈകമീഷണറെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡൽഹിയിലെ ബ്രിട്ടീഷ് ഹൈകമീഷനുമുന്നിൽ സിഖുകാർ റാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.