ഖാർകീവിൽ ​തെരുവ് യുദ്ധം; റഷ്യൻ സൈന്യത്തെ തുരത്തിയതായി ഗവർണർ

ഖാർകീവ്: യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ യുദ്ധ ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിക്രമിച്ചു കടന്ന റഷ്യൻ സൈന്യത്തെ തുരത്തിയതായി ഖാർകീവ് ഗവർണർ ഒലെ സിനെഗുബോവ്. നഗരം യുക്രെയ്ൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണെന്നും സായുധ സേനയും പൊലീസും പ്രതിരോധ സേനയും ഒത്തുചേർന്നു പോരാടുകയാണെന്നും അദ്ദേഹം അറിയിച്ചു.

"ഖാർകീവിന്റെ നിയന്ത്രണം പൂർണ്ണമായും നമ്മുടെ കൈയ്യിലാണ്! സായുധ സേനയും പൊലീസും പ്രതിരോധ സേനയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ശത്രുവിൽനിന്ന് നഗരത്ത പൂർണ്ണമായും ശുദ്ധീകരിക്കുകയാണ്" -ഒലെ സിനെഗുബോവ് ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, റഷ്യൻ ​സൈന്യത്തിന്റെ വാഹനങ്ങൾ ഖാർകീവ് നഗരത്തിൽ അതിക്രമിച്ചു കയറിയതായി ഒലെ അറിയിച്ചിരുന്നു. പ്രദേശവാസിക​ളോട് താമസസ്ഥലത്തുനിന്നും പുറത്തിറങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നഗരം തങ്ങളുടെ പൂർൺനിയന്ത്രണത്തിലേക്ക് തിരിച്ചുപിടിച്ചതായും ശത്രുവിനെ തുരത്തിയതായും ഗവർണർ സ്ഥിരീകരിച്ചത്.

റഷ്യൻ വാഹനങ്ങൾ ഖാർകീവിലൂടെ നീങ്ങുന്നതും ഇതിൽ ഒന്ന് റോഡിൽ കത്തുന്നതുമടക്കമുള്ള വിഡിയോകൾ യുക്രെയ്ൻ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

 (കടപ്പാട്: അൽജസീറ)

ശനിയാഴ്ച വൈകി ആരംഭിച്ച കനത്ത ഷെല്ലാക്രമണം പുലർച്ചെ വരെ തുടർന്നതായി ഖാർകീവ് ആസ്ഥാനമായുള്ള യൂറോപ്യൻ എക്സ്​പേർട്ട് അസോസിയേഷനിലെ റിസർച്ച് ഡയറക്ടർ മരിയ അവ്ദീവ 'അൽ ജസീറ'യോട് പറഞ്ഞു. "റഷ്യ ചെറിയ ഗ്രൂപ്പുകളായാണ് സൈനിക വാഹനങ്ങളിൽ നഗരത്തിലേക്ക് പ്രവേശിച്ചത്. അവയെ യുക്രേനിയൻ സൈന്യം തുരത്തിവിട്ടു. നഗര കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ച റഷ്യൻ സൈനിക സംഘങ്ങളെ യുക്രെയ്ൻ സൈന്യം തകർത്തു. നശിപ്പിക്കപ്പെട്ട റഷ്യൻ സൈനിക വാഹനങ്ങളുടെ ദൃശ്യങ്ങൾ കാണാം" അവർ കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖാർകീവിന് വടക്ക് ഗ്യാസ് പൈപ്പ് ലൈൻ റഷ്യൻ സൈന്യം തകർത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Kharkiv under full Ukrainian control, regional governor says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.