‘അവിടെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു, നമ്മൾ അമേരിക്ക എന്തെടുക്കുന്നു?’ -യു.എസ് സെനറ്റർ VIDEO

വാഷിങ്ടൺ: ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോൾ നമ്മൾ അമേരിക്കക്കാരും ബൈഡനും എന്തെടുക്കുകയാണെന്ന് യു.എസ് സെനറ്റിൽ ചോദ്യവുമായി സെനറ്റംഗം. മേരിലാൻഡ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് ക്രിസ് വാൻ ഹോളനാണ് ഇസ്രായേലിനെതിരെയും അമേരിക്കയടക്കമുള്ളവരുടെ നിസ്സംഗതക്കെതിരെയും ആഞ്ഞടിച്ചത്.

ഗസ്സ മുനമ്പിൽ ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ആസൂത്രിതമായി ഭക്ഷണം തടഞ്ഞുവെച്ചതിനാൽ ഗസ്സയിലെ കുട്ടികൾ ഇപ്പോൾ മരിച്ചുവീഴുകയാണ്. യുദ്ധക്കുറ്റമാണത്. പച്ചയായ യുദ്ധക്കുറ്റം. അത് സംഘടിപ്പിക്കുന്നവർ യുദ്ധക്കുറ്റവാളികളാണ്. എന്നിട്ട്, അമേരിക്ക എന്തെടുക്കുകയാണ്? നമ്മൾ എന്താണ് ചെയ്യുന്നത്? പ്രസിഡൻ്റ് ബൈഡൻ എന്ത് ചെയ്യുന്നു? ഇതാണ് ഇപ്പോഴത്തെ ചോദ്യം. ഈ സംഭവങ്ങൾക്കെതിരെ പ്രസിഡൻ്റ് ബൈഡൻ നടപടിയെടുക്കണം’ -​അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന് നെതന്യാഹു സർക്കാറിനോട് ആവശ്യപ്പെടുക എന്നതാണ് പ്രസിഡന്റ് ബൈഡൻ ആദ്യം ചെയ്യേണ്ട പരമപ്രധാനമായ കാര്യം. കൂടുതൽ സഹായം അനുവദിക്കുന്നത് വരെ ബൈഡൻ ഇസ്രായേലിനുള്ള സഹായം നിർത്തിവെക്കണം’ -വാൻ ഹോളൻ പറഞ്ഞു.

അതിനിടെ, ഗസ്സയിലെ ​ഇസ്രായേൽ സൈനിക നടപടികളിൽ അതൃപ്തനായ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹുവിനെ കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ചതായി അമേരിക്കൻ ചാനലായ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ പ്രകോപിതനായാണ് ബൈഡൻ തെറി പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ സംഭാഷണത്തിലാണ് മോശം പരാമർശം ​ബൈഡൻ നടത്തിയത്. ദൃക്സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് എൻ.ബി.സി ചാനൽ വാർത്ത നൽകിയത്. 

Tags:    
News Summary - ‘Kids are dying’: US senator accuses Israel of ‘textbook war crimes’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.